മെസിയുടെ പെനാൽറ്റി പാഴായി; രക്ഷകനായി മാർട്ടിനസ്; ഇക്വ’ഡോർ’ തുറന്ന് അർജന്റീനെ സെമിയിൽ

ടെക്സസ്: കോപ്പ അമേരിക്ക ക്വാർട്ടർ പോരാട്ടത്തിൽ ഇക്വഡോറിനെ പരാജയപ്പെടുത്തി അർജന്റീന സെമി ഫൈനലിൽ. സമനിലയിൽ പിരിഞ്ഞ മത്സരം (1-1) പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന അനുകൂലമാക്കിയത്. ഇക്വഡോറിന്റെ രണ്ട് കിക്കുകൾ തടഞ്ഞിട്ട് എമിലിയാനോ മാർട്ടിനസ് ഒരിക്കൽ കൂടി കാവൽ മാലാഖയായി. ഷൂട്ടൗട്ടിൽ സൂപ്പർ താരം ലയണൽ മെസി പെനാൽറ്റി പാഴാക്കി.

മത്സരത്തിലുടനീളം പൊരുതിയാണ് ഇക്വഡോർ കീഴടങ്ങിയത്. അവസാനം വരെ ഇക്വഡോർ അർജന്റീനയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തിയത്. കളിക്കിടയിൽ സൂപ്പർ താരം എനർ വലൻസിയ പെനാൽറ്റി പാഴാക്കിയതും ചില സുവർണാവസരങ്ങൾ തുലച്ചതും ഇക്വഡോറിന് തിരിച്ചടിയായി. ഏയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകളാണു മാര്‍ട്ടിനസ് തടുത്തിട്ടത്. ജോണ്‍ യെബോയും ജോര്‍ഡി കായ്‌സെഡോയും ലക്ഷ്യം കണ്ടെങ്കിലും ഇക്വഡോറിന് നിരാശയായിരുന്നു ഫലം.

35-ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ഹെഡര്‍ ഗോളാണ് അര്‍ജന്റീനയ്ക്ക് ലീഡ് നല്‍കിയത്. അലക്‌സിസ് മക്കലിസ്റ്ററിന്റെ അസിസ്റ്റിലാണ് പന്ത് ഗോൾവലയിൽ എത്തിയത്. 62ാം മിനിറ്റിൽ ഇക്വഡോറിന് അനുകൂലമായി ലഭിച്ച നിർണായക പെനാൽറ്റി എനർ വലൻസിയ പാഴാക്കി. ഗോൾ മടക്കാനുള്ള ഇക്വഡോറിന്റെ ശ്രമങ്ങൾ ഇഞ്ചുറി ടൈമിൽ ഫലം കണ്ടു. 91ാം മിനിറ്റിൽ കെവിൻ റോഡ്രിഗ്വസിന്റെ ഗോൾ അർജന്റീനിയൻ വലയിലെത്തി.

സമനിലയിലായതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത മെസി പെനാൽറ്റി പാഴാക്കി. എന്നാൽ എയ്ഞ്ചൽ മെനയുടെ പെനാൽറ്റി അടിച്ചു കയറ്റി എമി അർജന്റീനയ്ക്ക് ഊർജം പകർന്നു. അലൻ മിൻഡയെടുത്ത അടുത്ത കിക്കും തടുത്ത് എമി ഒരിക്കൽ കൂടി അർജന്റീനയുടെ രക്ഷകനായി. പിന്നീട് കിക്കെടുത്ത അർജന്റീന താരങ്ങൾക്കൊന്നും പിഴച്ചില്ല.

More Stories from this section

family-dental
witywide