കോപ്പയിൽ മുത്തമിട്ട് അർജൻ്റീന; വീണ്ടും ലോട്ടാറോ മാർട്ടിനെസിൻ്റെ മാജിക് ഗോൾ, മെസ്സിയുടെ കണ്ണീരിനുള്ള പ്രതിഫലം

ഫ്ളോറിഡ: കോപ്പ അമേരിക്ക കിരീടം അർജൻ്റീനയ്ക്ക്. ഫൈനലിൽ അവർ കൊളംബിയയെയാണ് തോൽപ്പിച്ചത്. എകസ്ട്രാ ടൈമിലേക്ക് നീണ്ട കളിയുടെ 112ാം മിനിറ്റിലാണ് ഗോൾ പിറന്നത്. അർജൻ്റീനയുടെ ലോക സൂപ്പർ താരം ലയണൽ മെസ്സി പരുക്കു മൂലം 66ാം മിനിറ്റിൽ പിൻവാങ്ങിയിരുന്നു. കണ്ണീരോടെയാണ് താരം മടങ്ങിയത്. 112ാം മിനിറ്റിൽ ലൊട്ടാറോ മാർട്ടിനെസ് അടിച്ച ഗോളിൽ അർജൻ്റീന കപ്പടിച്ചു.

തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടമാണിത്. 16ാം തവണയാണ് അർജൻ്റീന കിരീടം നേടുന്നത്. നേരത്തേ മുഴുവന്‍ സമയവും കളി അവസാനിക്കുമ്പോള്‍ ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല. നായകന്‍ ലയണല്‍ മെസ്സി രണ്ടാം പകുതിയില്‍ പരുക്കേറ്റ് പുറത്തുപോയത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി. ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്.

65-ാം മിനിറ്റിൽ പരിക്കേറ്റതിനെത്തുടർന്ന് മെസ്സിയെ കളത്തിൽ നിന്ന് പിന്‍വലിച്ചു. നിക്കോളാസ് ഗോൺസാലസ് പകരക്കാരനായി ഇറങ്ങി. ഡഗ്ഔട്ടിൽ നിന്ന് മെസ്സി പൊട്ടിക്കരയുന്നതും ഹാർഡ് റോക്ക് സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. മെസ്സി ഇല്ലെങ്കിലും അർജന്റീന കടുത്ത പോരാട്ടം കാഴ്ചവെച്ചു. 75-ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസ് അർജന്റീനയ്ക്കായി വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായതിനാൽ ഗോൾ നിഷേധിച്ചു. 87-ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലസിന്റെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തുപോയി. കളി എക്സ്ട്രാടൈമിലേക്ക് നീണ്ടു.

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയും ഗോള്‍രഹിതമായിരുന്നു. എന്നാല്‍ 112-ാം മിനിറ്റില്‍ അര്‍ജന്റീനയുടെ രക്ഷകനായി ലൊട്ടാറോ മാര്‍ട്ടിനസെത്തി. മൈതാനമധ്യത്ത് നിന്ന് ഡീപോള്‍ നല്‍കിയ പന്ത് ലോ സെല്‍സോ സമയം പാഴാക്കാതെ ബോക്‌സിലേക്ക് നീട്ടി. ഓടിയെത്തിയ ലൊട്ടാറോ ഗോളിയെ മറികടന്ന് വലകുലുക്കി. ഗോോോോോൾ… 16ാം തവണയും അർജൻ്റീന കോപ്പകപ്പിൽ മുത്തമിട്ടു..

Argentina wins COPA America Cup beats Columbia in final