ന്യൂഡല്‍ഹി: കടയില്‍ നടന്ന തര്‍ക്കത്തിനിടെ കടയുടമയുടെ വിരല്‍ കടിച്ചുമുറിച്ചു. 50 രൂപയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുപിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്.
യുപിയിലെ ബന്ദ ജില്ലയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെത്തിയ ഒരാള്‍ ഒരു ഉടുപ്പുവാങ്ങി പോകുകയും പിറ്റേന്ന് അത് ചെറുതാണെന്ന് പറഞ്ഞ് മടക്കി നല്‍കാനെത്തി. അല്‍പം കൂടി വലിയ ഉടുപ്പ് വേണമെന്നായിരുന്നു കടയിലെത്തിയ ആളുടെ ആവശ്യം. വലിയ ഉടുപ്പിന് 50 രൂപ അധികം നല്‍കേണ്ടി വരുമെന്ന് കടക്കാരന്‍ ശിവചന്ദ്ര കര്‍വാരിയ പറഞ്ഞതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
തുടര്‍ന്ന് 50 രൂപയെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഇയാള്‍ വ്യാപാരി കര്‍വാരിയയുടെ ഇടതുകൈയിലെ ഒരു വിരലിന്റെ മുകള്‍ഭാഗം കടിച്ചെടുക്കുകയായിരുന്നു. ഇയാളുടെ മകനെയും കടിച്ച് പരിക്കേല്‍പ്പിച്ചിട്ടുണ്ട്.
തുടര്‍ന്ന് ഇയാള്‍ കടയില്‍ നിന്ന് വസ്ത്രങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുകയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്പ് കടയുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ കര്‍വാരിയ സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. കേസെടുത്ത പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.