തിരുവനന്തപുരം: കേരള സംസ്ഥാന ഗവർണർ സ്ഥാനത്ത് നിന്നും മാറ്റം ലഭിച്ച ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിൽ നാളെ യാത്രയയപ്പ്. രാജ്ഭവന്‍ ജീവനക്കാരാണ് ആരിഫ് ഖാന് യാത്രയയപ്പു നല്‍കുക. ശേഷം ബിഹാർ ഗവർണർ സ്ഥാന മേറ്റെടുക്കാനായി കൊച്ചിയിൽ നിന്ന് ആരിഫ് ഖാൻ, ബിഹാറിലേക്ക് പോകും. ജനുവരി രണ്ടിനായിരിക്കും അദ്ദേഹം ബിഹാർ ഗവർണർ സ്ഥാനം ഏറ്റെടുക്കുക.
അതേസമയം പുതിയ കേരള ഗവർണർ രാജേന്ദ്ര അർലേക്കറും ജനുവരി രണ്ടിനാകും ചുമതലയേൽക്കും. പുതുവത്സര ദിനത്തിൽ പുതിയ ഗവർണർ കേരളത്തിലെത്തും. ഡിസംബർ 24 നാണ് കേരള ഗവർണർ സ്ഥാനത്ത് നിന്നും ആരിഫ് മുഹമ്മദ് ഖാനെ മാറ്റി, ബിഹാർ ഗവർണർ സ്ഥാനം വഹിച്ചിരുന്ന രാജേന്ദ്ര വിശ്വനാഥ് അർലേകറിനെ നിയമിക്കാൻ കേന്ദ്രം തീരുമാനിച്ചത്.
കഴിഞ്ഞ സെപ്റ്റംബർ 5 ന് ആരിഫ് മുഹമ്മദ് ഖാൻ കേരളാ ഗവർണർ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. ആരിഫ് ഖാന് പകരക്കാരനായി എത്തുന്ന രാജേന്ദ്ര വിശ്വനാഥ് അർലേകർക്ക് കടുത്ത ആർ എസ് എസ് – ബി ജെ പി പശ്ചാത്തലമാണ് ഉള്ളത്. ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്ന രാജേന്ദ്ര വിശ്വനാഥ്, ബിഹാർ ഗവർണർ സ്ഥാനത്ത് നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് രാജേന്ദ്ര വിശ്വനാഥ്.