ഫീനിക്സ്: അരിസോന ഇന്ത്യൻ നഴ്സസ് അസോസിയേഷന്‍റെ (AZINA) നഴ്സസ് ദിനാഘോഷം ചാന്‍റലർ സിറ്റിയിലെ ഇന്‍റർനാഷനൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്‍റെ ഹാളിൽ വച്ച് നടത്തി. അരിസോന സ്റ്റേറ്റ് നഴ്സിങ് ബോർഡ് പ്രസിഡന്‍റ് കരോളിൻ മകോർമ്മീസ് വിശിഷ്ടാതിഥിയായിരുന്ന ചടങ്ങിൽ അരിസോന ബ്ലാക് നഴ്സസ് അസോസിയേഷൻ ഫീനിക്സ് ചാപ്റ്റർ പ്രസിഡന്‍റ് ഡോ. റോസാ നോറിസ്, ഫിലിപ്പൈൻസ് നഴ്സസ് അസോസിയേഷൻ മുൻ പ്രസിഡന്‍റ് ഡോ. എർലിൻഡ സിംഗരാജാ, ഇന്‍റർനാഷനൽ അസംബ്ലി ഓഫ് ഗോഡ് ചർച്ചിന്‍റെ സീനിയർ പാസ്റ്റർ ഡോ. റോയ് ചെറിയാൻ തുടങ്ങിയവരും അതിഥികളായിരുന്നു.
കരൺ കോശിയും അനീറ്റ മാത്യുവും ചേർന്ന് പ്രാർഥനാഗാനവും അമേരിക്കൻ ദേശീയഗാനവും ആലപിച്ചപ്പോൾ ലക്ഷ്മി നായർ, സിൻസി തോമസ് എന്നിവർ ചേർന്ന് ഇന്ത്യൻ ദേശീയഗാനവും ആലപിച്ചു. തുടര്‍ന്ന് മുഖ്യ അതിഥികള്‍ ചേര്‍ന്ന് നിലവിളക്കു തെളിയിച്ച് ഈ വര്‍ഷത്തെ നഴ്‌സസ് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
അരിസോന സ്റ്റേറ്റ് നഴ്സിങ് ബോർഡ് പ്രസിഡന്‍റ് കരോളിൻ മകോർമ്മീസ് തന്‍റെ ഉദ്ഘാടന പ്രസംഗത്തിൽ അസീനയുടെ പ്രവർത്തനങ്ങളെ ശ്ലാഘിക്കുകയും, മുന്നോട്ടുള്ള സംഘടനാപ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായ സഹകരണവും വാഗ്ദാനം ചെയ്യുകയും ഉണ്ടായി. നഴ്സിങ് മേഖലയില്‍ ചെയ്തിട്ടുള്ള പ്രവര്‍ത്തനമികവിനുള്ള അംഗീകാരമായി അരിസോന ഇന്ത്യൻ നഴ്സസ് അസോസിയേഷന്‍റെ 2024-ലെ നഴ്സിങ് എക്സലൻസ് അവാർഡിന് റേച്ചൽ ജേക്കബ്, മിനി സുധീർ എന്നിവർ നഴ്സ് പ്രാക്റ്റിഷണർ വിഭാഗത്തിലും പ്രീതി സാംഗ, അരുണ റേച്ചൽ എന്നിവർ നഴ്സിങ് വിഭാഗത്തിലും അർഹരായി. നഴ്സിങ് എക്സലൻസ് അവാർഡിന് അർഹരായവരെ സമ്മേളനത്തിൽ വച്ച് ട്രോഫിയും പ്രശംസാപത്രവും നൽകി ആദരിച്ചു.
അസീന പ്രസിഡന്‍റ് തന്‍റെ പ്രസംഗത്തിൽ, ഇന്ത്യൻ നഴ്സസിന്‍റെ നാഷനൽ സംഘടനയായ നൈനയുടെ ‘നഴ്‌സ് സ്റ്റുവാർഡ്ഷിപ് 2024’ അവാർഡ് കരസ്ഥമാക്കിയ അസീന എജ്യുക്കേഷൻ കമ്മിറ്റി ചെയർ മേരി ബിജു, ബൈലൊ കമ്മിറ്റി ചെയർ സിൻസി തോമസ്, 2023-ഇൽ സിഗ്മ തേറ്റ ടൗ -ഇന്‍റർനാഷനൽ ഓണർ സൊസെറ്റി ഓഫ് നഴ്സിങ് സംഘടനയുടെ വളരെ പ്രശസ്തമായ ഗാരി ബ്രൗൺ കമ്മ്യുണിറ്റി സർവ്വീസ് സ്കോളർഷിപ്പിന് അർഹയായ അസീന വൈസ് പ്രസിഡന്‍റ് ലക്ഷ്മിനായർ, നൈനയുടെ ‘മെയ്ക്ക് എ ഡിഫറൻസ്’ അവാർഡ് ലഭിച്ച ഇവന്‍റ് കമ്മറ്റി ചെയർ സുമ ജേക്കബ്, ബാനർ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്‍റർ ഓഫ് ഫീനിക്സിന്‍റെ ‘എക്സല്ലൻസ് ഇൻ പ്രഫഷനലിസം’ അവാർഡ് കരസ്ഥമാക്കിയ ലിനറ്റ് സെബാസ്റ്റ്യൻ, ഫീനിക്സ് വെറ്ററൻസ് അഫയഴ്സ് ഡിപാർട്ട്‌മന്‍റിൽ നിന്നും പ്രശസ്തമായ ‘ഡെയ്സി അവാർഡ്’ നേടിയ ജോളി തോമസ് എന്നിവർക്ക് അഭിനന്ദനം അറിയിച്ചു.
വൈസ് പ്രസിഡന്‍റ് ലക്ഷ്മി നായരുടെ നേതൃത്വത്തിൽ ‘അസീന മെന്‍റൽ ഹെൽത്ത് ഇനിഷിയറ്റിവ്’ (AMHI) യൂത്ത് വിങ് ലഹരിമരുന്നുപയോഗത്തിന്‍റെ വിപത്തുകളെപറ്റി ലഘു നാടകം അവതരിപ്പിച്ചു. അസീന സെക്രട്ടറി സീമ നായർ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് അസീന മെംബേഴ്സ് കേക്ക് മുറിച്ച് അസീന ജന്മദിനവും നഴ്സസ് ദിനവും ആഘോഷിച്ചു. അസീനയുടെ വിവിധ പ്രർത്തനങ്ങളിൽ വെളാന്‍റിയറിങ് ചെയ്ത നഴ്സസിനും യൂത്തിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ലഘുഭക്ഷണത്തോടെ മീറ്റിങ് അവസാനിക്കുകയും ചെയ്തു.
പ്രോഗ്രാമിന്‍റെ അവതാരകരായ അസീന ട്രഷറർ അനിത ബിനുവും ഇലക്ഷൻ കമ്മിറ്റി ചെയർ ജെസി ഏബ്രഹാമും പ്രവർത്തിച്ചു. നഴ്സിങ് മേഖലയുമായ് ബന്ധപ്പെട്ട ട്രിവിയ ക്വസ്റ്റ്യൻസ് സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജ്ഞാനപ്രദവും രസകരവുമാക്കാൻ അവതാരകർക്ക് സാധിച്ചു. അസീനയുടെ മീഡിയ ആൻഡ് പബ്ലിക്കേഷൻസ് ടീം അറിയിച്ചത്.