മംഗളുരു: ഗംഗാവാലി പുഴയിലെ തിരച്ചിലിൽ ലോറിയിൽ കണ്ടെത്തിയ മൃതദേഹ ഭാഗം അർജുന്‍റേത് തന്നെയെന്ന് സ്ഥിരീകരിക്കാൻ ഡി എൻ എ പരിശോധന നടത്തണമെന്ന ആവശ്യവുമായി കുടുംബം രംഗത്ത്. അർജുൻ്റെ വീട്ടിൽ എത്തിയ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എയടക്കമുള്ളവരോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ നേരത്തെ തന്നെ കാർവാർ ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ ഡി എൻ എ പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി മൃതദേഹ ഭാഗങ്ങൾ കാർവാർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെന്നും കളക്ടർ അറിയിച്ചു. ഡി എൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 2 ദിവസത്തിനുളളിൽ ഇതുണ്ടാകുമെന്നും കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു.
അതിനിടെ മൃതദേഹ ഭാഗങ്ങൾ അർജുന്‍റേതാണെന്ന് ഉറപ്പാക്കിയ ശേഷം കോഴിക്കോട് എത്തിക്കാൻ ഉള്ള ഉത്തരവാദിത്തം കേരള സർക്കാർ ഏറ്റെടുക്കുമെന്ന ഉറപ്പ് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ നൽകിയിട്ടുണ്ട്. മന്ത്രിയും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിക്കുന്നതെന്നും എംഎൽഎ കുടുംബത്തെ അറിയിച്ചു. വിവരം കോഴിക്കോട് കളക്ടറെയും എസ് പിയെയും അറിയിച്ചതായും തോട്ടത്തിൽ രവീന്ദ്രൻ വ്യക്തമാക്കി.
അതേസമയം ലോറിയിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ മാറ്റാനായെങ്കിലും ലോറി ഇതുവരെയും കരയിലെത്തിക്കാനായിട്ടില്ല. നാളെ രാവിലെ 8 മണിയോടെ ലോറി കയറ്റാനുള്ള ശ്രമം പുനഃരാരംഭിക്കുമെന്നാണ് അറിയിപ്പ്. ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേർക്കായി തിരച്ചിൽ തുടരുമെന്നും സ്ഥിരീകരണമായിട്ടുണ്ട്. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് നാളെയും തിരിച്ചിൽ തുടരുക.