മംഗളുരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്‍റെ ലോറി ഗംഗാവാലി പുഴയിൽ നിന്നും കണ്ടെത്തിയത് നേവി. ലോറിക്കുള്ളിലെ ക്യാബിനുള്ളിൽ മൃതദേഹ ഭാഗങ്ങളടക്കം നേവി കണ്ടെത്തി. ലോറിയിൽ കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ പുറത്തെടുത്ത് ഡ്രഡ്ജറിലേക്ക് മാറ്റിയതായി നേവി അറിയിച്ചു. ക്യാബിനിൽ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ഡ്രഡ്ജറിലേക്ക് മാറ്റിയ മൃതദേഹ ഭാഗം വിദഗ്ദ്ധ പരിശോധനക്ക് അയക്കും. ശേഷമാകും അർജുന്‍റെതാണോ എന്നത് സ്ഥിരീകരിക്കുക.
എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതിൽ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയിൽ കിടന്നതിനാൽ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്.
സിപി 2വിൽ നിന്നാണ് ലോറി കണ്ടെടുത്തത്. ജലോപരിതലത്തിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി കിടന്നതെന്ന് നേവി വ്യക്തമാക്കി. ജൂലൈ 16 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത് – അന്ന് രാവിലെ 8.45 നാണ് അർജ്ജുനെ കാണാതായത്. തിരച്ചിലിന്‍റെ നിരവധി ഘട്ടങ്ങൾക്ക് ശേഷം 71 -ാം ദിവസമാണ് ലോറി ഗംഗാവാലി പുഴയിൽ നിന്ന് കണ്ടെത്തിയത്.