ലോറി കരയിൽനിന്ന് 132 മീറ്റർ അകലെ; മനുഷ്യസാന്നിധ്യം കണ്ടെത്തയില്ലെന്ന് ഡ്രോൺ പരിശോധന റിപ്പോർട്ട്

തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്താൻ, റിട്ടയേഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഡ്രോണ്‍ പരിശോധനയുടെ റിപ്പോര്‍ട്ട് പുറത്ത്.

ട്രക്കിന്റേതിന് സമാനമായ സിഗ്നലുകള്‍ നാലിടങ്ങളിൽ നിന്നാണ് ലഭിച്ചതെന്ന് പരിശോധന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കരയില്‍നിന്ന് 165, 65, 132, 110 മീറ്റര്‍മാറി നാല് കോണ്‍ടാക്റ്റ് പോയിന്റുകളാണ്(സിപി) സംഘം കണ്ടെത്തിയത്. സി.പി. ഒന്നുമുതല്‍ നാലുവരെ രേഖപ്പെടുത്തിയിരിക്കുന്ന പോയിന്റുകളില്‍, കരയില്‍നിന്ന് 132 മീറ്റര്‍ ദൂരത്തില്‍ സി.പി- 4 പോയിന്റിലാണ് ലോറിയോട് ഏറ്റവുമടുത്ത് സാമ്യമുള്ള കോണ്‍ടാക്റ്റ് പോയിന്റെന്നാണ് പരിശോധന റിപ്പോര്‍ട്ട്. ഇതിന്റെ ചിത്രവും പുറത്തുവന്നു.

നാലാമത്തെ കോണ്ടാക്ട് പോയിന്റിൽ കണ്ടെത്തിയ ലോറിക്ക് സമാനമായി സിഗ്നല്‍ ലഭിച്ച സ്ഥലത്ത്, ട്രക്ക് മണ്ണിനും കല്ലിനുമിടയില്‍പ്പെട്ടുകിടക്കുന്ന സാഹചര്യമായിരിക്കാം എന്നാണ് മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഡ്രൈവറിരിക്കുന്ന ക്യാബിന്‍ തലകീഴായിട്ടായിരിക്കും നില്‍ക്കുന്നത്. പുഴയിലെ അടിയൊഴുക്കില്‍ ക്യാബിന് സ്ഥാനചലനം ഉണ്ടായിരിക്കാം. സി.പി. നാല് ലോറി കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സ്ഥലമാണെങ്കിലും മറ്റ് മൂന്നിടത്തേയും സാധ്യത തള്ളാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യസാന്നിധ്യം ലോറിയില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More Stories from this section

family-dental
witywide