മംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിനിടെ കാണാതായ അർജുന് വേണ്ടിയുളള തെരച്ചിലിന്‍റെ എട്ടാം നാൾ നിർണായക സൂചന ലഭിച്ചെന്ന് റിപ്പോർട്ട്. ഗംഗാവാലി പുഴയിൽ റഡാർ സിഗ്നൽ ലഭിച്ചിടത്ത് നിന്നും സോണാർ സിഗ്നലും ലഭിച്ചെന്നതാണ് ഏറ്റവും പുതിയ വിവരം. ഈ രണ്ട് സിഗ്നലുകളും ഒരു വലിയ വസ്തുവിന്റെ സാന്നിധ്യമാണ് സൂചിപ്പിക്കുന്നത്. ഈ സിഗ്നലുകൾ രണ്ട് സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒന്നുകിൽ അർജുന്‍റെ ലോറി, അല്ലെങ്കിൽ ഏതെങ്കിലും മെറ്റൽ ടവർ മറിഞ്ഞ് പുഴയിൽ വീണതാകും. എന്തായാലും നാളെ ഈ സിഗ്നൽ കേന്ദ്രീകരിച്ചാകും ഗംഗാവാലി പുഴയിൽ തിരച്ചിൽ നടത്തുകയെന്ന് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.
‘ഐബോഡ്’ ഉപകരണം ഉപയോഗിച്ച് നാളെ ഈ പ്രദേശം കേന്ദ്രീകരിച്ച് വിശദമായ പരിശോധന നടത്താനാണ് തീരുമാനം. ആകാശത്ത് നിന്ന് നിരീക്ഷിച്ച് ചെളിക്കടിയിൽ പൂഴ്ന്ന് പോയ വസ്തുക്കളുടെ സിഗ്നലുകൾ കണ്ടെത്തുന്ന ഉപകരണമാണ് ‘ഐബോഡ്’. ക്വിക് പേ എന്ന സ്വകാര്യ കമ്പനിയുടെ പക്കൽ നിന്നാണ് ഐബോഡ് എന്ന ഉപകരണം വാടകയ്ക്ക് എടുക്കുന്നത്. വെള്ളത്തിലും മഞ്ഞിലും പർവതങ്ങളിലും തെരച്ചിൽ നടത്താൻ ഈ ഉപകരണം ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ഉപകരണത്തിന്‍റെ നിരീക്ഷണപരിധി 2.4 കിലോമീറ്ററാണ്. റേഡിയോ ഫ്രീക്വൻസിയും എഐയും സംയോജിപ്പിച്ച സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്. മണ്ണിൽ പുതഞ്ഞ് പോയ വസ്തുക്കൾ 20 മീറ്റർ ആഴത്തിലും വെള്ളത്തിലും മഞ്ഞിലും 70 മീറ്റർ ആഴത്തിലും കണ്ടെത്താമെന്ന് ക്വിക് പേ കമ്പനി വ്യക്തമാക്കുന്നുണ്ട്.
അതിനിടെ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ തൃപ്തി രേഖപ്പെടുത്തി ഇന്ന് കുടുംബം രംഗത്തെത്തി. നല്ല രീതിയിൽ തിരച്ചിൽ നടക്കുന്നുവെന്നാണ് അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞത്. ഈ തിരച്ചിൽ അർജുനെ കിട്ടുന്ന വരെ തുടരണം. സാധ്യമായ എല്ലാ യന്ത്രങ്ങളും തെരെച്ചിലിനു ഉപയോഗിക്കണമെന്നും രക്ഷാപ്രവർത്തനം ഇതുപോലെ തന്നെ മുന്നോട്ട് പോകണമെന്നും സഹോദരി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തെരച്ചിലിൽ തൃപ്തിയില്ലെന്നും സൈന്യത്തെ വിമർശിച്ചും അർജുന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു. കേരളത്തിൽ നിന്ന് പോയ സന്നദ്ധ പ്രവർത്തകരോടുള്ള നന്ദിയും അർജുന്റെ കുടുംബം അറിയിച്ചു.