മംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിലിൽ നാളെ നിർണായകം. തിരച്ചിൽ തുടങ്ങി പത്താം ദിവസമായ നാളെത്തേക്ക് ആക്ഷൻ പ്ലാനടക്കം നാവികസേനയും കരസേനയും റെഡിയാക്കിയിട്ടുണ്ടെന്നാണ് വിവരം. ഗംഗാവലി പുഴയ്ക്കടിയിൽ നിന്ന് കണ്ടെത്തിയ ട്രക്ക് അര്‍ജുന്‍റേതാണെന്നും ട്രക്ക് കിടക്കുന്നത് തലകീഴായാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ട്രക്ക് പുറത്ത് എടുക്കുക എന്നതിന് അല്ല പ്രഥമ പരിഗണന എന്നതാണ് സൈന്യത്തിന്‍റെ ആക്ഷൻ പ്ലാനിലുള്ളത്. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തൽ ആണ് ഏറ്റവും പ്രധാനം. അർജുൻ അകത്ത് ഉണ്ടെങ്കിൽ ആദ്യ ശ്രമം അർജുനെ പുറത്തെടുക്കുന്നതിലായിരിക്കും. പിന്നീട് മാത്രമാകും ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കുകയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ട്രക്ക് പുറത്തെടുക്കാൻ ഉള്ള വഴി കൊളുത്തിട്ട് ഉയർത്തൽ ആണ്. അതിനും ഡൈവർമാർ താഴേക്ക് ഇറങ്ങി ട്രക്കിൻമേൽ കൊളുത്ത് ഇട്ട് ഉറപ്പിച്ച് തിരികെ കയറണം. അതിന് ശേഷം ഭാര ഉപകരണങ്ങൾ ഉപയോഗിച്ച് ട്രക്ക് ഉയർത്താനാണ് പ്ലാൻ. നാളത്തെ കാലാവസ്ഥ അനുസരിച്ച് ജില്ലാ ഭരണകൂടവുമായി ചർച്ച ചെയ്താകും സൈന്യത്തിന്‍റെ അന്തിമ പ്ലാൻ. ഡ്രോണുകൾ നാളെ എത്തുമെന്നും അവ ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
കരയില്‍ നിന്ന് ഏതാണ്ട് 40 മീറ്റര്‍ അകലെയാണ് ട്രക്ക് ഉള്ളതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാ ദൗത്യത്തിന് സ്ഥലത്തെ കനത്ത മഴ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. മൂന്ന് ബോട്ടുകളിലായി 18 പേര്‍ അടങ്ങുന്ന നാവിക സംഘം നദിയിലേക്ക് പോയെങ്കിലും കനത്ത മഴ കാരണം തെരച്ചിൽ നടത്താൻ കഴിയാതെ മടങ്ങേണ്ടിവന്നിരുന്നു. നേരത്തെ അഡ്വാൻസ്ഡ് പോർട്ടൽ പോളാർ സിസ്റ്റം ഉപയോഗിച്ചുള്ള സ്കാനിങ്ങിലാണ് ഗംഗാവാലി നദിയിൽ നിന്ന് ട്രക്കിന്‍റെ സിഗ്നൽ ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിൽ നാവിക സേന നടത്തിയ പരിശോധനയിൽ ഒരു ട്രക്ക് കണ്ടെത്തിയത്.ഷിരൂരിലെ മണ്ണിടിച്ചില്‍ നടന്നയിടത്ത് ഗംഗാവലി പുഴയുടെ കരയ്ക്കും മണ്‍കൂനയ്ക്കും നടുവിലുണ്ടെന്ന് കണ്ടെത്തിയ ലോറി അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചെന്ന് കാര്‍വാര്‍ എം എല്‍ എയും കാര്‍വാര്‍ എസ്പിയും രംഗത്തെത്തിയിരുന്നു. ലോറി തലകീഴായാണ് കിടക്കുന്നതെന്നും നാളെ ലോറിയ്ക്കടുത്തേക്ക് എത്താന്‍ വഴി തേടുമെന്നും കാര്‍വാര്‍ എസ്പി വിശദീകരിച്ചിട്ടുണ്ട്. ഷിരൂരില്‍ കനത്ത മഴയും പുഴയിലെ ഉയര്‍ന്ന ജലനിരപ്പും ഉള്‍പ്പെടെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും നാളെ പ്രശ്നമുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
നാളെ ദൗത്യസംഘം നിര്‍ണായക നീക്കങ്ങളിലേക്ക് കടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അതിന് തടസങ്ങള്‍ സൃഷ്ടിക്കരുതെന്ന് കാര്‍വാര്‍ എം എല്‍ എ ആവശ്യപ്പെട്ടു. നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കില്ലെന്നും മാധ്യമങ്ങള്‍ സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം വിവരിച്ചു. ഓരോ മണിക്കൂറിലും ലഭിക്കുന്ന നിര്‍ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാമെന്നും അദ്ദേഹം വ്യക്തമാക്കി.