അർജുൻ ഇപ്പോഴും കാണാമറയത്ത്, പതിനൊന്നാം ദിനവും കണ്ടെത്താനായില്ല; ട്രക്കിന്റെ ചിത്രം ലഭിച്ചു, തിരച്ചിൽ ഇനി നാളെ

മംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള പതിനൊന്നാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചു. ഇനി നാളെ മാത്രമേ തിരച്ചിൽ നടത്താനാകു എന്ന് കളക്ടറടക്കം അറിയിച്ചു. അതിനിടെ തിരച്ചിൽ ഏറ്റവും നിർണായകമായ അ‍ർജുന്‍റെ ട്രക്കിന്‍റെ ചിത്രം ഡ്രോൺ പരിശോധനയിൽ ലഭിച്ചെന്നാണ് ഏറ്റവും പുതിയ വിവരം. ഇക്കാര്യം കാർവാർ എം എൽ എ സതീഷ് കൃഷ്‌ണയാണ് അറിയിച്ചത്. ചരിഞ്ഞ നിലയിലാണ് ട്രക്കെന്നും എം എൽ എ പറഞ്ഞു. ഇന്ന് നടത്തിയ തിരച്ചിലിൽ റഡാർ, സോണാർ സിഗ്നലുകൾ ലഭിച്ച സ്ഥലത്ത് നിന്നാണ് ട്രക്കിന്‍റെ ചിത്രം ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം കനത്ത മഴയും പുഴയിലെ ഒഴുക്കും ദൗത്യത്തിന് ഇപ്പോഴും വലിയ വെല്ലുവിളി ഉയർത്തുകയാണ്. പതിനൊന്നാം ദിവസവും ദൗത്യം വിഫലമായത് അതുകൊണ്ടാണ്. പുഴയിലെ അടിയൊഴുക്ക് അപകടകരമാം വിധം വർധിച്ചതിനാൽ മുങ്ങൽ വിദഗ്ധർക്ക് ലോറി കണ്ടെത്തിയ ഭാഗത്തേക്ക് ഇതുവരെയും ഇറങ്ങാനായിട്ടില്ല. നിലവിൽ തിരച്ചിൽ നിർത്തിവച്ചു. നാളെ രാവിലെ വീണ്ടും തിരച്ചിൽ ആരംഭിക്കുമെന്നും സംയുക്ത പരിശോധനാ റിപ്പോർട്ട് കൈമാറുമെന്നും കളക്ടർ വ്യക്തമാക്കി. ഗംഗാവലി പുഴയിൽ ഒഴുക്ക് ശക്തമായതിനാൽ കൂടുതൽ സംവിധാനങ്ങൾ എത്തിക്കാൻ തീരുമാനമായിട്ടുണ്ട്. തിരച്ചിലിനായി കൂടുതൽ സ്കൂബ ഡൈവേഴ്സ് എത്തും. പോണ്ടൂണിലൂടെ പുഴയിലേക്ക് ഇറങ്ങും. എക്സവേറ്റർ പോണ്ടൂണിലേക്ക് മാറ്റും. പുഴയിൽ ഒഴുകി നടക്കുന്ന പ്ലാറ്റ്ഫോമാണ് പോണ്ടൂൺ എന്നത്.

അതിനിടെ ഷിരൂരിലെ രക്ഷാപ്രവർത്തന മേഖലയിലെത്തിയ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, അർജുനെ കണ്ടെത്താൻ സാധ്യമായത് എല്ലാം ചെയ്യണമെന്നതാണ് സംസ്ഥാന സർക്കാരിന്‍റെ നിലപാടെന്ന് വ്യക്തമാക്കി. കേരളത്തിന്‍റെ നിലപാട് കർണാടക സർക്കാരിനെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. അർജുനെ കണ്ടെത്തുന്നതുവരെ തിരച്ചിലിൽ നിന്ന് ദൗത്യസംഘം ഒരുതരത്തിലും പിന്മാറരുതെന്നും മന്ത്രി ആവശ്യപ്പെട്ടു. നാവിക സേനയുടെ മുങ്ങൽ വിദഗ്ധര്‍ക്ക് നദിയില്‍ പരിശോധന നടത്തുന്നതിന് പരിമിധികളുണ്ട്. അവരുടെ നിലപാടും യോഗത്തിൽ ചർച്ചചെയ്യും. എങ്കിലും ഒരു തരത്തിലും ദൗത്യസംഘം പിറകോട്ട് പോകരുതെന്നാണ് സർക്കാരിന്റെ നിലപാടെന്നും അത് യോഗത്തിൽ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide