കോഴിക്കോട്: മുപ്പതാം വയസില്‍ പ്രാരാബ്ദമെല്ലാം ഇറക്കിവെച്ച് അര്‍ജുന്‍ വിടപറയുന്നു. ജനമനസ്സുകളില്‍ ഓര്‍മയുടെ ആഴങ്ങളിലേക്ക് വിലയം പ്രാപിക്കുകയാണ് കേരളത്തിന്റെ പ്രിയപ്പെട്ട മകന്‍ അര്‍ജുന്‍. ഷിരൂരില്‍ മണ്ണിടിച്ചിലില്‍ ലോറിയോടൊപ്പം ഗംഗാവലി പുഴയില്‍ വീണ് മരിച്ച അര്‍ജുന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചു. അര്‍ജുനെ അവസാനമായി കാണാന്‍ നൂറുകണക്കിനു പേരാണ് വീട്ടിലേക്കെത്തുന്നത്.
കൂലിപ്പണിക്കാരനായ അച്ഛന്‍, അമ്മ രണ്ടു സഹോദരിമാര്‍ ഒരു അനിയന്‍ ഇവരുടെയെല്ലാം ആശ്രയമായിരുന്നു അര്‍ജുന്‍. കണ്ണാടിക്കല്‍ പ്രേമന്റെയും ഷീലയുടെയും മകന്‍ അര്‍ജുന് അവന്‍ സ്വപ്നം കണ്ട് പണിത വീടിനു ചാരെയാണ് ചിതയൊരുങ്ങുന്നത്. ആംബുലന്‍സ് വീട്ടിലേക്ക് എത്തിയപ്പോഴേക്കും വിതുമ്പലോടെ പുഴപോലെ ജനങ്ങള്‍ വീട്ടിലേക്ക് ഒഴുകുകയാണ്. വാര്‍ത്തകളിലൂടെ മാത്രം അര്‍ജുനെ കണ്ട് പരിചയമുള്ള നൂറുകണക്കിനാളുകളാണ് ഹൃദയം നുറുങ്ങി കണ്ണാടിക്കലിലെ വീട്ടിലേക്ക് എത്തുന്നത്.
കേരള, കര്‍ണാടക പൊലീസും വീടുവരെ വിലാപയാത്രയെ അനുഗമിച്ചു. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍.