കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് സ്വദേശി അര്‍ജുന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കേരളത്തിലേക്കെത്തി. പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ നിരവധി പേരാണ് കാത്തുനിന്നിരുന്നത്. കാസര്‍കോട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. അര്‍ജുനുവേണ്ടിയുള്ള തിരച്ചിലിന് ഒപ്പമുണ്ടായിരുന്ന മുങ്ങല്‍ വിദഗ്ദ്ധന്‍ ഈശ്വര്‍ മാല്‍പെയും മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിക്കുന്നുണ്ട്.
മരത്തടികള്‍ കയറ്റിയ ലോറിയുമായി അര്‍ജുന്‍ പോയ അതേവഴിയിലൂടെയാണ് അന്ത്യയാത്രയും വഴിയരുകില്‍ നിരവധി പേരാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ കാത്തുനില്‍ക്കുന്നത്. വൈകാരിക നിമിഷങ്ങളാണ് കടന്നുപോകുന്നത്.
വിലാപയാത്രയെ കോഴിക്കോട് വരെ കാര്‍വാര്‍ പൊലീസും കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയിലും അനുഗമിക്കുന്നുണ്ട്. അര്‍ജുന്റെ ഫോണും വസ്ത്രങ്ങളുമടക്കമുള്ള അവശേഷിപ്പുകള്‍ ആംബുലന്‍സിനു പിന്നാലെയുള്ള കാറിലാണ് കൊണ്ടുവരുന്നത്.
രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ണാടിക്കല്‍ ബസാറില്‍ എത്തിച്ചേരും. അവിടെനിന്ന് വിലാപയാത്രയായി അര്‍ജുന്റെ വീട്ടിലെത്തിക്കും. പൂളാടിക്കുന്നില്‍നിന്ന് ലോറി ഡ്രൈവര്‍മാര്‍ ആംബുലന്‍സിനെ അനുഗമിക്കും. വീട്ടില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടു വളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.
അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍, അനുജന്‍ അഭിജിത്ത് എന്നിവര്‍ ചേര്‍ന്നാണ് കാര്‍വാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്‌റഫ് എന്നിവരുള്‍പ്പെടെ ആശുപത്രിയിലെത്തിയിരുന്നു. ഷിരൂരില്‍ ഗംഗാവലി പുഴയില്‍നിന്നു കണ്ടെടുത്ത ലോറിയില്‍ ഉണ്ടായിരുന്നത് അര്‍ജുന്റെ മൃതദേഹം തന്നെയാണെന്ന് വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. അര്‍ജുന്റെ സഹോദരന്റെ ഡിഎന്‍എ സാംപിളുമായി കണ്ടെടുത്ത ശരീരത്തിലെ ഡിഎന്‍എ സാംപിള്‍ ഒത്തുനോക്കിയാണ് കാര്‍വാറിലെ ഫൊറന്‍സിക് സംഘം സ്ഥിരീകരിച്ചത്.