കോഴിക്കോട്: ഷിരൂര്‍ മണ്ണിടിച്ചിലില്‍പ്പെട്ട് മരണത്തിന് കീഴടങ്ങിയ കോഴിക്കോട് സ്വദേശി അര്‍ജുന്റെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപയാണ് നല്‍കുക. കാര്‍വാര്‍ എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ അര്‍ജുന്റെ അമ്മയ്ക്ക് സഹായധനം കൈമാറും.
അതേസമയം ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേതാണ് സ്ഥിരീകരിച്ചതിനു പിന്നാലെ അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. രണ്ടര മാസത്തെ കണ്ണീരിനും കാത്തിരിപ്പിനുമൊടുവില്‍ നാളെ രാവിലെ ആറുമണിയോടെ മൃതദേഹം വീട്ടിലെത്തിക്കും. വൈകാരിക നിമിഷമാണ് ഇനി കാത്തിരിക്കുന്നത്.
അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് അഞ്ചു മിനിറ്റ് നിര്‍ത്തിയിടും. വീട് വരെ കര്‍ണാടക പൊലീസ് ആംബുലന്‍സിനെ അനുഗമിക്കും.
രാവിലെ എട്ട് മണിയോടെ മൃതദേഹം കണ്ണാടിക്കല്‍ ബസാറില്‍ എത്തിച്ചേരും. അവിടെനിന്ന് വിലാപയാത്രയായി അര്‍ജുന്റെ വീട്ടിലെത്തിക്കും. പൂളാടിക്കുന്നില്‍നിന്ന് ലോറി ഡ്രൈവര്‍മാര്‍ ആംബുലന്‍സിനെ അനുഗമിക്കും. വീട്ടില്‍ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടു വളപ്പില്‍ മൃതദേഹം സംസ്‌കരിക്കും.
നിരവധി പ്രതിസന്ധികള്‍ക്കിടയിലും കര്‍ണാടക സര്‍ക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങള്‍ക്കൊടുവില്‍ 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അര്‍ജുനെ കണ്ടെത്താനായത്.