ഷിരൂര്‍: ഷിരൂര്‍ ഗംഗാവാലിപ്പുഴയില്‍ നിന്നും ഇന്നലെ കണ്ടെത്തിയ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ മൃതദേഹം ഇന്നു വൈകിട്ടോ നാളെയോ കുടുംബാംഗങ്ങള്‍ക്കു വിട്ടുനല്‍കും. കര്‍വാര്‍ ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മൃതദേഹഭാഗം കോഴിക്കോട്ടെ വീട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്തം കേരള സര്‍ക്കാര്‍ ഏറ്റെടുക്കും.
കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഡിഎന്‍എ പരിശോധന നടത്തുന്നത്. ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. അര്‍ജുന്റെ അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എല്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. ഡിഎന്‍എ പരിശോധനാ ഫലം വന്നശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കുമെന്നു ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ അറിയിച്ചു. അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി ഇന്നു പൂര്‍ണമായും കരയിലേക്കു കയറ്റും. ക്രെയിനിലെ വടം പൊട്ടിയതോടെയാണ് ഇന്നലെ ദൗത്യം അവസാനിപ്പിച്ചത്. ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
അതേസമയം, ഷിരൂരില്‍ അര്‍ജുനൊപ്പം കാണാതായ കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും.