മെക്‌സിക്കോയില്‍ ആയുധധാരികളുടെ അക്രമം : കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 6 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ: മധ്യ മെക്സിക്കോയിലെ ഒരു വീട്ടില്‍ ആക്രമണത്തിനിരയായി കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥന്‍ തിങ്കളാഴ്ച പറഞ്ഞു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

ഞായറാഴ്ച രാത്രി ഗ്വാനജുവാട്ടോയിലെ ലിയോണ്‍ നഗരത്തിലെ ഒരു വീട്ടിലേക്ക് ആയുധധാരികളായ അക്രമികള്‍ പാഞ്ഞെത്തുകയും കുടുംബത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നു. രണ്ട് കുട്ടികളും നാല് സ്ത്രീകളുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. അക്രമികള്‍ വരുന്നത് കണ്ട് വീടിന്റെ മുകള്‍ ഭാഗത്ത് ഒളിച്ചതിനാല്‍ വീട്ടിലുള്ള രണ്ട് പേര്‍ രക്ഷപ്പെട്ടു.

സംസ്ഥാന ഗവര്‍ണര്‍ ഡീഗോ സിന്‍ഹ്യൂ റോഡ്രിഗസ് വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പങ്കുവെച്ചു.
മയക്കുമരുന്ന് കടത്ത്, ഇന്ധന മോഷണം, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘങ്ങള്‍ തമ്മിലുള്ള അക്രമം കാരണം മെക്‌സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനങ്ങളിലൊന്നാണ് ഗ്വാനജുവാറ്റോ. മയക്കുമരുന്ന് കടത്തിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ച 2006 മുതല്‍ മെക്‌സിക്കോയില്‍ 450,000-ത്തിലധികം കൊലപാതകങ്ങള്‍ ഇത്തരത്തില്‍ നടന്നതായി രേഖകള്‍ വെളിപ്പെടുത്തുന്നു.