ശ്രീനഗർ: ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. 48 രാഷ്ട്രീയ റൈഫിള്‍സിലെ ക്യാപ്റ്റന്‍ ദീപക് സിങ് ആണ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്.
കശ്മീരിലെ ദോഡയിലെ ശിവ്ഘട്ട്-അസ്സര്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരര്‍ രഹസ്യകേന്ദ്രത്തില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യം പരിശോധന നടത്തുകയും ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു.
ഭീകരരുടെ ആക്രമണത്തില്‍ നാട്ടുകാരനായ ഒരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച വൈകീട്ട് ഉദ്ദംപുരിന് സമീപം പട്‌നിടോപില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിനുപിന്നാലെയാണ് ഭീകരര്‍ ദോഡയിലെ വനമേഖലയിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ബുധനാഴ്ച രാവിലെയോടെ വീണ്ടും ഏറ്റുമുട്ടലുണ്ടാവുകയായിരുന്നു.