അർജുനെ തേടി ഇന്ന് സൈന്യമിറങ്ങും; ആറാം ദിവസം പ്രതീക്ഷയോടെ നാട്

ബെഗംളൂരു: ഉത്തരകന്നഡയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം ഇന്നിറങ്ങും. കര്‍ണ്ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലാഗാവ് ക്യാമ്പില്‍ നിന്നുള്ള കരസേനയാണ് എത്തുക.

ആറാം ദിവസമായ ഇന്ന് സൈന്യത്തിന്റെ അറുപതംഗ സംഘമാണ് ബെലഗാവിയില്‍നിന്ന് ദുരന്തസ്ഥലത്തേക്ക് എത്തുക. ഒന്‍പതരയോടെ ഇവര്‍ സ്ഥലത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ രക്ഷാപ്രവര്‍ത്തനത്തില്‍ വിശ്വാസമില്ലെന്നും സൈന്യം വരണമെന്നും ശനിയാഴ്ച അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചിരുന്നു. കനത്തമഴയെ തുടര്‍ന്നായിരുന്നു ശനിയാഴ്ച രാത്രി പത്തുമണി വരെ തുടരേണ്ടിയിരുന്ന തിരച്ചില്‍ രാത്രി എട്ടരയോടെ നിര്‍ത്തിവെച്ചത്. ഞായറാഴ്ച രാവിലെയും പ്രദേശത്ത് മഴ പെയ്യുന്നുണ്ട്.

കര്‍ണാടക എസ്ഡിആര്‍എഫിന്റെ സംഘം, കേരള മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, അര്‍ജുന്റെ ബന്ധു ജിതിന്‍ തുടങ്ങിയവര്‍ അപകടസ്ഥലത്തേക്ക് തിരച്ചിലിനായി പുറപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം നടത്തിയ റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ഒരു സിഗ്നല്‍ ലഭിച്ചിരുന്നു. അത് അര്‍ജുന്റെ ട്രക്ക് ആണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ വിലയിരുത്തല്‍.

More Stories from this section

family-dental
witywide