ഭീകരർ കൂട്ടമായി അതിർത്തി കടന്നെത്തിയെന്ന് സംശയം; കശ്മീരിൽ 3500 സൈനികരെ വിന്യസിച്ച് കേന്ദ്രം

ന്യൂഡൽഹി: ഏകദേശം 3,000 സൈനികരും 400-500 സ്‌പെഷ്യൽ ഫോഴ്‌സ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ബ്രിഗേഡ് സേനയെ ജമ്മു ഏരിയയിൽ വിന്യസിച്ച് കേന്ദ്ര സർക്കാർ. ഭീകരാക്രമണം ശക്തമാകുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

പാക്കിസ്ഥാനിൽ പരിശീലനം ലഭിച്ച ഭീകരരെ നേരിടാൻ 500 പാര സ്പെഷൽ ഫോഴ്സ് കമാൻഡോകളെ നിയോഗിച്ചതായി പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 50–55 ഭീകരർ അതിർത്തി കടന്നെത്തിയതായാണ് സൈന്യത്തിന്റെ നിഗമനം. 3500 ഓളം സൈനികരെ അധികമായി വിന്യസിച്ചിട്ടുണ്ട്. മേഖലയിലെ സുരക്ഷാ സ്ഥിതി വിലയിരുത്താൻ ഉന്നത കരസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

കത്വയിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ജമ്മുവിലെ ദോഡ മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ തിങ്കളാഴ്ച ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് സൈനികരും ഒരു ജമ്മു കശ്മീർ പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ജമ്മു കാശ്മീരിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുന്ന തീവ്രവാദ അക്രമ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്.

മൂന്നു വർഷത്തിനിടെ 51 സൈനികരാണ് ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ചത്. രാഷ്ട്രീയ റൈഫിൽസിന്റെ റോമിയോ, ഡെൽറ്റ യൂണിറ്റുകൾ, 25 ഇൻഫൻട്രി ഡിവിഷൻ തുടങ്ങിയവയ്ക്കു പുറമേയാണ് കമാൻഡോകളെ വിന്യസിക്കുന്നത്. ഉയരമുള്ള പർവത പ്രദേശങ്ങളും വനങ്ങളും നുഴഞ്ഞുകയറ്റക്കാർക്ക് സഹായകരമാണെന്നാണ് സൈന്യത്തിന്റെ നിഗമനം. പ്രദേശിക സഹായം ലഭിക്കുന്നതിനെക്കുറിച്ച് പരിശോധിക്കാൻ ഇന്റലിജൻസ് സംവിധാനവും ശക്തമാക്കി.

More Stories from this section

family-dental
witywide