കീവ്: റഷ്യക്കു വേണ്ടി യുദ്ധത്തിൽ പങ്കെടുക്കുന്ന ഉത്തരകൊറിയൻ സൈനികരിൽ നിരവധിപ്പേർ കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. കുർസ്ക് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. യുക്രൈൻ രഹസ്യാന്വേഷണ ഏജൻസിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. 3000ത്തോളം ഉത്തര കൊറിയൻ സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ പ്രസിഡന്റ് വോളോദിമിർ സെലൻസ്കി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
നോവോയിവനോവ്ക മേഖലയിലുണ്ടായ ശക്തമായ ആക്രമണത്തിലാണ് നിരവധി സൈനികർ കൊല്ലപ്പെട്ടതെന്നും രഹസ്യാന്വേഷണ ഏജൻസിയായ ജി.യു.ആർ അറിയിച്ചു. കുടിവെള്ള ക്ഷാമമടക്കം സൈന്യം നിരവധി പ്രതിസന്ധി നേരിടുന്നതായും ജി.യു.ആർ വ്യക്തമാക്കി.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്ന് വൻ സാമ്പത്തിക, സൈനിക സഹായം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനിക നാശത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ 12,000 സൈനികരെ ഉത്തര കൊറിയ വിന്യസിച്ചെന്നാണ് വിവരം.
around 3000 North Korean Soldiers killed in Russia-Ukraine War