മ്യൂണിക്: ജർമ്മൻ നഗരമായ മ്യൂണിക്കിൽ തീവ്ര വലതുപക്ഷ ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി (എഎഫ്ഡി) പാർട്ടിക്കെതിരെ ഞായറാഴ്ച (ജനുവരി 21) 50,000 ത്തോളം ആളുകൾ സിറ്റി സെന്ററിൽ പ്രതിഷേധവുമായി എത്തി. ഇത്തരത്തിൽ ജർമനിയിലെ നൂറിലേറെ നഗരങ്ങളിലായി 3 ലക്ഷത്തോളം പേർ ജർമനിയിലെ കുടിയേറ്റർ, അഭയാർഥി വിരുദ്ധ കക്ഷികൾക്കെതിരെ തെരുവിലിറങ്ങി.
കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തണമെന്ന് തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റിവ് ഫോർ ജർമനി ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. ‘ഫാഷിസം പകരമാവില്ല’ മുദ്രാവാക്യമുയർത്തി നൂറിലേറെ നഗരങ്ങളിൽ പ്രകടനങ്ങൾ നടന്നു.
ഹാംബർഗ്, ഫ്രാങ്ക്ഫർട്ട്, ഹാനോവർ, കാസൽ, ഡോർട്ട്മുണ്ട്, വുപ്പർട്ടാൽ, കാൾസ്റൂഹെ, ന്യൂറംബർഗ്, എർഫർട്ട് എന്നിവിടങ്ങളിലെ തണുപ്പിനെ അവഗണിച്ച് ഒരു ദിവസം 300,000 ആളുകൾ ഒത്തുകൂടി
ഫ്രാങ്ക്ഫർട്ടിൽ 35000 പേരും ഡോർട്ട്മുണ്ടിൽ 30000 പേരും അണിനിരന്നു. രാഷ്ട്രീയ നേതാക്കളും ചർച്ച് അധികൃതരും കായികതാരങ്ങളും ആൾട്ടർനേറ്റിവ് ഫോർ ജർമനിക്കെതിരെ രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തു.
വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കാനും സമ്പദ്‍വ്യവസ്ഥക്ക് ഉത്തേജനം പകരാനും ലക്ഷ്യമിട്ട് സർക്കാർ പൗരത്വ നിയമ വ്യവസ്ഥകൾ ലഘൂകരിച്ചതാണ് തീവ്ര വലതുപക്ഷ പാർട്ടി കുടിയേറ്റക്കാർക്കെതിരെ കാമ്പയിൻ ശക്തമാക്കാൻ കാരണമായത്.