ഗൗതം അദാനിക്ക് എതിരെ യുഎസിൽ അറസ്റ്റ് വാറൻ്റ് , ഇന്ത്യയിലേതിനു സമാനമായ ആരോപണം യുഎസിലും

ഇന്ത്യയിലെ ശത കോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിക്ക് എതിരെ യുഎസിൽ അറസ്റ്റ് വാറൻ്റ്. യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചു എന്ന് ആരോപിച്ച് ന്യൂയോർക്ക് കോടതിയിൽ അദാനിക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് അദാനിക്കെതിരെ ന്യൂയോർക്ക് കോടതിയിലെ ഒരു ജഡ്ജ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗൗതം അദാനിക്കും അനന്തരവൻ സാഗര്‍ അദാനിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കുറ്റാരോപണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിൻ്റെ എക്‌സിക്യുട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും പറ്റിച്ചതായാണ് ആരോപണം. ഇന്ത്യയിൽ പലർക്കുമായി 265 മില്യണ്‍ ഡോളര്‍ (2237 കോടി രൂപ) കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ ഈ കരാറുകളില്‍നിന്ന് 200 കോടി ഡോളര്‍ ലാഭമുണ്ടാക്കാനായിരുന്നു കമ്പനിയുടെ ലക്ഷ്യം.

അദാനിയെ പരാമര്‍ശിക്കാന്‍ ‘ന്യൂമെറെ യുണോ’, ‘ദി ബിഗ് മാന്‍’ തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു. അദാനി ഗ്രീന്‍ എനര്‍ജിക്കായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പയെടുക്കാന്‍ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയ്ന്‍ എന്നിവര്‍ വായ്പക്കാരില്‍നിന്നും നിക്ഷേപകരില്‍നിന്നും കൈക്കൂലിക്കാര്യം മറച്ചുവെച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് അദാനി ഗ്രീനിനുള്ള കരാറുകളില്‍ ഏര്‍പ്പെടാന്‍ പ്രേരണ നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കൈക്കുലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തുവെന്നാണ് പ്രധാന ആരോപണം. പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയായ അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡ് കോഴയില്‍ ഒരു ഭാഗം നല്‍കാന്‍ സമ്മതിച്ചതായും സെക്യൂരിറ്റീസ് എസ്‌ക്‌ചേഞ്ച് കമ്മിഷന്‍ ആരോപിക്കുന്നു.

ഗൗതം അദാനി, സാഗര്‍ എസ് അദാനി, വിനീത് എസ് ജെയിന്‍, രന്‍ജിത് ഗുപ്ത സിറില്‍ കബനീസ്, സൗരഭ് അഗര്‍വാള്‍, ദീപത് മല്‍ഹോത്ര, രൂപേഷ് അഗര്‍വാള്‍ എന്നിവരാണ് കേസിലെ മറ്റു കുറ്റക്കാർ.

കുറ്റാരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് യുഎസിലെ കോര്‍പറേറ്റ് ബോണ്ട് വിപണിയില്‍ 600 മില്യണ്‍ ഡോളറിന്റെ കടപ്പത്രങ്ങള്‍ അദാനി പുറത്തിറിക്കിയിരുന്നു. മൂന്ന് ഇരട്ടിയിലേറെ ആവശ്യക്കാരെത്തിയെങ്കിലും ആരോപണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കടപ്പത്ര വില്പന റദ്ദാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഏറെ അടുപ്പമുള്ള ഗൗതം അദാനിയുടെ സ്ഥാപനത്തിന്റെ വളര്‍ച്ച ആരേയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 2013ലെ എട്ട് ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ നിന്ന് 2022ലെത്തുമ്പോള്‍ 260 ബില്യണ്‍ ഡോളറിലേക്ക് അദാനി ഗ്രൂപ്പ് കുതിച്ചുയര്‍ന്നു. വിമാനത്താവളം, നിര്‍മാണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങി അദാനി ഗ്രൂപ്പ് കൈവയ്ക്കാത്ത മേഖലകളില്ല. പ്രധാന സര്‍ക്കാര്‍ ടെൻഡറുകളും അവര്‍ സ്വന്തമാക്കി. നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധം അദാനിക്ക് മുതല്‍ക്കൂട്ടായെന്ന പ്രതിപക്ഷ ആരോപണം 2023 ജനുവരിയിലെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വരെ രാഷ്ട്രീയ ആരോപണം മാത്രമായി നിന്നു. പന്നീട് ഒസിസിആര്‍പി എന്ന അന്വേഷാത്മക പത്രപ്രവർത്തകരുടെ സംഘം ഈ റിപ്പോർട്ട് ശരിവച്ചുകൊണ്ട് രേഖകൾ പുറത്തുവിട്ടു. എന്നാൽ അദാനിക്ക് ഒന്നും സംഭവിച്ചില്ല. ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ക്രമക്കേടുകളിലൊന്ന് എന്നാണ് അദാനി ഗ്രൂപ്പിന്റെ ഓഹരി തിരിമറിയെകുറിച്ച് അന്ന് പുറത്തുവന്ന റിപ്പോർട്ട്. അദാനി കമ്പനികളുടെ ഓഹരി മൂല്യം ഉയർത്തിക്കാട്ടാൻ നടത്തിയ തട്ടിപ്പുകൾ, മൌറീഷ്യസിലെ ഷെൽ കമ്പനികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നിരുന്നു.

രഹസ്യമായി സ്വന്തം കമ്പനികളില്‍ നിക്ഷേപം നടത്തി ഓഹരി മൂല്യം ഉയര്‍ത്തി, ഓഫ്‌ഷോര്‍ സ്ഥാപനങ്ങള്‍ വഴി വിദേശത്തേക്ക് പണമൊഴുക്കി തുടങ്ങിയ ഗുരുതര ആരോപണങ്ങളായിരുന്നു അദാനിക്കെതിരെ ഉയർന്നത്. എന്നാൽ സുപ്രീം കോടതിയും സെബിയും അദാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടില്ല.

Arrest Warrant against Gautham Adani In US

More Stories from this section

family-dental
witywide