
ചെന്നൈ: ഉലകനായകന്‍ എന്ന വിളിപ്പേരിനെ കലാജീവിതത്തില്‍ നിന്നും പറിച്ചെറിഞ്ഞ് കമല്‍ ഹാസന്‍. തന്നെ ആരും ഇനി ഉലകനായകന്‍ എന്ന് വിളിക്കരുതെന്നാണ് നടന്റെ ആവശ്യം. സിനിമ എന്നത് ഒരു വ്യക്തിയില്‍ മാത്രം ഒതുങ്ങുന്നത് അല്ലെന്നും സിനിമ എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ ആവശ്യം മുന്നോട്ടുവെച്ചത്. രാവിലെ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് നടന്‍ ഇക്കാര്യം ആരാധകരെ അറിയിച്ചത്. എക്സിലും അദ്ദേഹം ഈ പത്രക്കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
”ഉലകനായകന്‍ എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. നിങ്ങളുടെ ഈ വിശേഷണം ഒരു അംഗീകാരം ആയിട്ടാണ് താന്‍ കരുതാറുള്ളത്. നിങ്ങള്‍ക്ക് എന്നോടുള്ള സ്നേഹമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത് എന്നത്കൊണ്ടുതന്നെ അതില്‍ സന്തോഷിച്ചിട്ടുണ്ട്. എന്നാല്‍ സിനിമ എന്നത് ഒരു വ്യക്തിയില്‍ ഒതുങ്ങുന്നതോ ഒരു വ്യക്തിയാല്‍ ചുറ്റപ്പെട്ടതോ അല്ല. ഈ മഹത്തായ കലയില്‍ ഞാനൊരു വിദ്യാര്‍ത്ഥി മാത്രമാണ്. ഞാന്‍ എപ്പോഴും എന്നത്തന്നെ പരിഷ്‌കരിക്കാനും പഠിക്കാനും വളരാനും ആഗ്രഹിക്കുന്നു. ഏതൊരു സര്‍ഗ്ഗാത്മക ആവിഷ്‌കാര രൂപത്തെയും പോലെ സിനിമയും എല്ലാവര്‍ക്കും അവകാശപ്പെട്ടത് ആണ്. കലാകാരന്മാര്‍ ഒരിക്കലും കലയേക്കാള്‍ വാഴ്ത്തപ്പെടാന്‍ പാടില്ല. അതാണ് എന്റെ വിശ്വാസം. എന്റെ പോരായ്മകളെക്കുറിച്ച് ബോധവാന്മാരായി ആ ബോധ്യത്തോടെ നില കൊള്ളാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍. അതുകൊണ്ട് തന്നെ ഉലകനായകന്‍ എന്ന ശീര്‍ഷകങ്ങളെയും വിശേഷണങ്ങളെയും നിരസിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയാണ്. ഇനി മുതല്‍ എല്ലാ സഹോദരീ സഹോദരന്മാരും കമല്‍ എന്നോ, കെ എത്ത് എന്നോ മാത്രം വിളിക്കണം എന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു”- മാദ്ധ്യമങ്ങളോടും സാമുദായിക അംഗങ്ങളോടും, പാര്‍ട്ടി പ്രവര്‍ത്തകരോടും ഇതാണ് പറയാനുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.