ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സിംഹമാണെന്നും അധികകാലം ജയിലിൽ ഇടാനാകില്ലെന്നും ഭാര്യ സുനിത. ഇന്ത്യ സഖ്യ റാലിയുടെ വേദിയിലെ പ്രസംഗത്തിലാണ് സുനിതയുടെ പരാമർശം. കെജ്‌രിവാൾ സിംഹമാണെന്നും ബിജെപിക്ക് ദീർഘകാലം അദ്ദേഹത്തെ ജയിലിലിടാനാകില്ലെന്നും കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നും അവർ പറഞ്ഞു.
നിങ്ങളുടെ സ്വന്തം കെജ്‌രിവാൾ ജയിലിൽ നിന്ന് ഒരു സന്ദേശം അയച്ചിട്ടുണ്ട്. അത് വായിക്കും മുൻപ് ഞാൻ നിങ്ങളോട് ചില കാര്യങ്ങൾ ചോദിക്കട്ടെ. പ്രധാനമന്ത്രി മോദി എന്റെ ഭർത്താവിനെ ജയിലിൽ അടച്ചു. അദ്ദേഹം ചെയ്തത് ശരിയാണെന്ന് കരുതുന്നുണ്ടോ. ബിജെപിയിലെ ആളുകൾ പറയുന്നത് കേജ്‌രിവാൾ ജയിലിൽ ആണ് അതുകൊണ്ട് രാജിവയ്ക്കണമെന്നാണ്. അദ്ദേഹം രാജിവയ്ക്കേണ്ടതുണ്ടോയെന്നും സുനിത ചോദിച്ചു. കെജ്‌രിവാൾ അയച്ച ആറുഗ്യാരണ്ടികൾ ഉൾപ്പെടുത്തിയ സന്ദേശവും സുനിത വായിച്ചു. സന്ദേശത്തിൽ കെജ്രിവാൾ ആറു ഗ്യാരണ്ടികൾ ജനങ്ങൾക്കുമുന്നിൽ വെച്ചു.
രാജ്യത്ത് പവർകട്ട് ഉണ്ടാകില്ലെന്നും പാവപ്പെട്ടവർക്ക് വൈദ്യുതി സൗജന്യമായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. എല്ലാ വിഭാഗത്തിലുമുള്ള കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം, എല്ലാ ഗ്രാമത്തിലും ഒരു മൊഹല്ല ക്ലിനിക്, എല്ലാ ജില്ലയിലും ഒരു സർക്കാർ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, സ്വാമിനാഥൻ റിപ്പോർട്ട് പ്രകാരമുള്ള താങ്ങുവില തുടങ്ങിയവ ഉറപ്പാക്കുമെന്നും കെജ്രിവാൾ കത്തിൽ പറഞ്ഞു.
Arvind kejriwal is a lion, cannot jailed for long time