ചോദ്യം ചെയ്യലിൽ കെജ്രിവാൾ രണ്ട് ആം ആദ്മി മന്ത്രിമാരുടെ പേര് പറഞ്ഞു; ആക്രമണം കടുപ്പിച്ച് ബിജെപി

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിൽ കഴിയുന്ന മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായി അരവിന്ദ് കെജ്രിവാൾ, ചോദ്യം ചെയ്യലിനിടെ രണ്ട് എഎപി മന്ത്രിമാരുടെ പേരുകൾ പറഞ്ഞെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ പേരുകളാണ് കെജ്രിവാൾ പറഞ്ഞതെന്നും ഇഡി കോടതിയിൽ അറിയിച്ചു. ഇതിന് പിന്നാലെ പാർട്ടിക്കെതിരെ ബിജെപി ആക്രമണം ശക്തമാക്കി.

ചോദ്യം ചെയ്യലിൽ കെജ്രിവാൾ തെറ്റും പരസ്പരവിരുദ്ധവുമായി വിവരങ്ങൾ നൽകുന്നുവെന്നും ഇഡി പറഞ്ഞിരുന്നു. മദ്യനയക്കേസിന്റെ സൂത്രധാരൻ കെജ്രിവാൾ ആണെന്നു ബിജെപി ആരോപിച്ചു. കെജ്‌രിവാൾ ഒഴുക്കൻ മട്ടിലുള്ള മറുപടികൾ നൽകിയെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറച്ചുവെച്ചുവെന്നും എൻഫോഴ്സ്മെന്റ് ഡൽഹിയിലെ റോസ് അവന്യൂ കോടതിയെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് ബിജെപിയുടെ ആക്രമണം.

“… മുഖ്യപ്രതി വിജയ് നായർ അതിഷിയോടും സൗരഭ് ഭരദ്വാജിനോടും കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാറുണ്ടെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഡൽഹി സർക്കാരിൻ്റെ മദ്യനയം കൂടുതൽ വ്യക്തമാകുകയാണ്. കെജ്‌രിവാൾ രാജിവെക്കുമോ അതോ പുതിയ രാഷ്ട്രീയത്തിലേക്ക് നീങ്ങുമോയെന്ന് കണ്ടറിയണം…” ബിജെപി വക്താവ് സുധാൻഷു ത്രിവേദി പറഞ്ഞു.

എൻ ഡി ഗുപ്തയെക്കുറിച്ച് ചോദിച്ചപ്പോഴും കെജ്‌രിവാൾ പരസ്പര വിരുദ്ധമായ പ്രസ്താവനകൾ നടത്തിയതായി ഇഡി പറയുന്നു. പാർട്ടിയുടെ പ്രവർത്തനത്തെക്കുറിച്ച് അറിവുള്ള മുതിർന്ന നേതാവായിട്ടാണ് കെജ്രിവാൾ ആദ്യം ഗുപ്തയെക്കുറിച്ച് പറഞ്ഞത്. എന്നാൽ അഴിമതിയിൽ കെജ്‌രിവാളിൻ്റെ പങ്കിനെക്കുറിച്ചുള്ള പ്രസ്താവനയ്ക്ക് ശേഷം അദ്ദേഹം ഇത് പിൻവലിച്ചു.

More Stories from this section

family-dental
witywide