ദില്ലി: ദില്ലി മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് അറസ്‌റ്റ് ചെയ്ത ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഇ ഡി കസ്റ്റഡി നീട്ടി. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ ദില്ലി റോസ് അവന്യു കോടതിയാണ് കെജ്രിവാളിന്‍റെ കസ്റ്റഡി നാല് ദിവസം കൂടി നീട്ടിയത്. ഏപ്രിൽ ഒന്ന് വരെയാണ് കെജ്രിവാളിന്‍റെ കസ്‌റ്റഡി നീട്ടിയത്. തന്റെ മൗലിക അവകാശങ്ങൾ പോലും ലംഘിച്ചുകൊണ്ടാണ് ഇ ഡി പ്രവർത്തിക്കുന്നതെന്ന് കെജ്രിവാൾ ഉന്നയിച്ചെങ്കിലുംകോടതി കസ്റ്റഡി നീട്ടുകയായിരുന്നു. കെജ്രിവാൾ ഉന്നയിച്ച വിഷയങ്ങളിൽ വിശദീകരണം നൽകണമെന്ന് എൻഫോഴ്‌സ്‌മെന്റിന് കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.
അതേസമയം കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി കോടതി തള്ളിക്കളഞ്ഞു. കോടതിയുടെ അധികാര പരിധിക്ക് പുറത്തുള്ളതാണ് ഈ ആവശ്യമെന്നാണ് കോടതി വ്യക്തമാക്കിയത്.
കെജ്രിവാളിന്‍റെ വാദവും ഇഡിയുടെ മറുപടിയും
ദില്ലി റോസ് അവന്യു കോടതിയിൽ കെജ്രിവാൾ തന്നെയാണ് തന്‍റെ വാദങ്ങൾ നിരത്തിയത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ആഞ്ഞടിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ലക്ഷ്യം ആം ആദ്മിയെ പാർട്ടിയെ ഇല്ലാതാക്കുകയാണെന്ന് കെജ്രിവാൾ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ ബി ജെ പി, ഇ ഡിയെ ഉപയോഗിക്കുകയാണ്. കൊള്ളക്കാരുടെ വലിയ റാക്കറ്റായ ബി ജെ പി. ഇഡിയെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇഡി എന്നെ അറസ്റ്റ് ചെയ്തു… പക്ഷേ ഒരു കോടതിയും ഞാൻ കുറ്റക്കാരനാണെന്ന് തെളിയിച്ചിട്ടില്ല. സി ബി ഐ 31,000 പേജുകളും ഇ ഡി 25,000 പേജുകളും ഉള്ള കുറ്റപത്രങ്ങൾ എനിക്കെതിരെ സമർപിച്ചിട്ടുണ്ട്. അവ ഒരുമിച്ച് വായിച്ചാലും ഒരു ചോദ്യം അവശേഷിക്കുന്നു. എന്തിനാണ് എന്നെ അറസ്റ്റ് ചെയ്തത്? – കെജ്രിവാൾ കോടതിയിൽ ചോദിച്ചതിങ്ങനെയാണ്. മദ്യനയ കേസിൽ മാപ്പുസാക്ഷിയായ ഒരാളുടെ മൊഴി മാത്രം വെച്ച് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാകുമോ? 100 കോടി രൂപയുടെ അഴിമതി നടന്നെങ്കിൽ ആ പണം എവിടെയാണ്? കെജ്രിവാൾ ചോദിച്ചു.ആ രാണ് അഴിമതി നടത്തിയതെന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ പുറത്തുവന്നതോടെ വ്യക്തമായതാണ്. മദ്യനയ കേസിൽ അറസ്റ്റിലായ ശേഷം ശരത് റെഡ്ഢി ബിജെപിക്ക് 45 കോടി രൂപ സംഭാവന നൽകി. വേറെയും പണം നൽകിയിട്ടുണ്ട്. ഇതാണ് അഴിമതിയുടെ യഥാർത്ഥ ചിത്രമെന്ന് കോടതിയിൽ കെജ്രിവാൾ തുറന്നടിച്ചു. എന്നാൽ കെജ്രിവാളിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് ഇ ഡി അറിയിച്ചു. 100 കോടി കിക്ക്ബാക്ക് ചോദിച്ചതിനുള്ള തെളിവുണ്ട്. അതിന്റെ രേഖകളുണ്ടെന്നും ഇ ഡി പറഞ്ഞു. ബി ജെ പിക്ക് കിട്ടിയത് ദില്ലിയിലെ അഴിമതിപ്പണം അല്ലെന്നും ഇ ഡി പറഞ്ഞു.മുഖ്യമന്ത്രി നിയമത്തിന് അതീതനല്ല, ഒരു സാധാരണ മനുഷ്യനുള്ള അവകാശങ്ങളേ മുഖ്യമന്ത്രിക്ക് ഉള്ളുവെന്നും ഇ ഡി അറിയിച്ചു.
Arvind Kejriwal News Live Updates:Court extends ED custody of Delhi CM