ന്യൂഡൽഹി: താൻ ഒരു തീവ്രവാദിയല്ലെന്നും ഒരു തീവ്രവാദിയെ പോലെയാണ് തന്നോട് ജയിലിൽ പെരുമാറുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഭാര്യ സുനിത കെജ്രിവാളിന് അയച്ച സന്ദേശത്തിലാണ് അരവിന്ദ് കെജ്രിവാൾ ഇക്കാര്യം പറഞ്ഞത്. മാധ്യമങ്ങൾക്കു മുന്നിൽ സുനിത കെജ്രിവാൾ സന്ദേശം വായിച്ചു. മാധ്യമങ്ങളുമായുള്ള കൂടികാഴ്ച്ചയിൽ ഇതേ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാവുകയും പിന്നീട് ജയിൽ മോചിതനാവുകയും ചെയ്ത ആം ആദ്മി എംപി സഞ്ജയ് സിങ്ങും പങ്കെടുത്തു.
“അരവിന്ദ് കെജ്‌രിവാൾ ഡൽഹിയിലെയും രാജ്യത്തെയും ജനങ്ങൾക്കാമായി ഒരു സന്ദേശം അയച്ചിച്ചുണ്ട്. അവർക്കായി ഒരു മകനെപ്പോലെ, ഒരു സഹോദരനെപ്പോലെ പ്രവർത്തിച്ചു. അദ്ദേഹത്തിൻ്റെ സന്ദേശം, ‘എൻ്റെ പേര് അരവിന്ദ് കെജ്രിവാൾ, ഞാൻ ഒരു തീവ്രവാദിയല്ല’ എന്നതാണ്.
“ശരിയായ കൂടി കാഴ്ച്ചയ്ക്ക് ജയിലിൽ അവസരമൊരുക്കുന്നില്ല. ഗ്ളാസ് ഭിത്തിക്കപ്പുറത്തും ഇപ്പുറത്തും നിന്നാണ് ആശയവിനിമയം നടത്തുന്നത്. ജയിലിൽ ഒരു പ്രതിയ്ക്ക് കിട്ടേണ്ട അവകാശം പോലും ഹനിക്കുന്നു.” സഞ്ജയ് സിങ് പറഞ്ഞു. തന്നെ നേരിട്ട് കാണാൻ അനുവദിച്ചില്ലെന്നും ഗ്ലാസ് ഭിത്തിക്കപ്പുറത്ത് മിനിറ്റുകൾ മാത്രമാണ് സമയം തന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ ഭഗവന്ത് മാനും നേരത്തെ ആരോപിച്ചിരുന്നു.
ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങളോട് പ്രതികരിച്ച ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി മനോജ് തിവാരി, കെജ്‌രിവാളിനെ തീവ്രവാദി എന്ന് വിളിക്കുന്നില്ലെന്ന് പറഞ്ഞു. “ആരാണ് അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നത്? , ഞങ്ങൾ അദ്ദേഹത്തെ അഴിമതിക്കാരനെന്നാണ് വിളിക്കുന്നത്. അദ്ദേഹം ഡൽഹിയുടെ ശത്രുവാണ്,” തിവാരി പറഞ്ഞു. അഴിമതി നടത്തുന്നതിന് മുമ്പ് ജയിലിലെ സൗകര്യങ്ങളെ കുറിച്ച് ആലോചിക്കണമായിരുന്നെന്നും നിയമം എല്ലാവർക്കും തുല്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മാർച്ച് 21നാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ അറസ്റ്റ് ആം ആദ്മി പാർട്ടിയുടെയും പ്രതിപക്ഷ സഖ്യത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളുടെയും വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.