ദില്ലി: ദില്ലി മദ്യനയ കേസില്‍ ജുഡീഷ്യൽ കസ്റ്റഡിയിലായ അരവിന്ദ് കെജ്രിവാളിന്‍റെ തിഹാര്‍ ജയിലിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. തിഹാറിലെ ജയിൽ നമ്പർ 2 ലാണ് കെജ്രിവാളിനെ പാർപ്പിക്കുക. സമാന കേസിൽ നേരത്തെ അറസ്റ്റിലായ ദില്ലി മുൻ മുഖ്യമന്ത്രി മനീഷ് സിസോദിയ ജയിൽ നമ്പർ 1 ലും മുൻ ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിൻ ജയിൽ നമ്പർ 7 ലും രാജ്യസഭാ എംപി സഞ്ജയ് സിംഗ് ജയിൽ നമ്പർ 5 ലും ആണുള്ളത്. തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകൾ കൂടിയായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത വനിതാ വിഭാഗത്തിലെ ആറാം നമ്പർ ജയിലിലാണുള്ളത്.
അരവിന്ദ് കെജ്രിവാൾ ജയിൽ ദിനചര്യ
കെജ്രിവാളും കേസിലെ മറ്റ് പ്രതികളും രാവിലെ 6:30 ന് ജയിലിൽ ഉണർന്ന് പ്രഭാതകൃത്യങ്ങൾ നിർവഹിക്കും. രാവിലെ പ്രഭാതഭക്ഷണമായി ചായയും ബ്രെഡുമാണ് ഇവർക്ക് ലഭിക്കുക. കുളി കഴിഞ്ഞ് കെജ്രിവാൾ കോടതിയിൽ പോകേണ്ടതുണ്ടെങ്കിൽ പോകും. അല്ലെങ്കിൽ തന്‍റെ നിയമ സംഘവുമായി ഒരു മീറ്റിംഗിന് ഇരിക്കുകയാണ് പതിവ്. ഉച്ചഭക്ഷണം രാവിലെ 10:30 നും 11 നും ഇടയിലായിരിക്കും ലഭിക്കുക. പരിപ്പ് കറി, സബ്ജി, അഞ്ച് റൊട്ടി അല്ലെങ്കിൽ ചോറ് എന്നിവയാണ് ഉച്ചഭക്ഷണമായി ലഭിക്കുക. ശേഷം ഉച്ച മുതൽ മൂന്നു മണിവവരെ ഇവരെ സെല്ലുകളിൽ അടച്ചിടും. ഉച്ചകഴിഞ്ഞ് 3:30 ന് ഒരു കപ്പ് ചായയും രണ്ട് ബിസ്‌ക്കറ്റും ലഭിക്കും, വൈകുന്നേരം 4 മണിക്ക് ശേഷം അഭിഭാഷകരെയടക്കം കാണാനാകും. അത്താഴവും ഉച്ചഭക്ഷണത്തിന് സമാനമാണ്. വൈകുന്നേരം 5:30 നാകും അത്തായം ലഭിക്കുക. രാത്രി 7 മണിയോടെ വീണ്ടും സെല്ലുകളിൽ അടയ്ക്കും.
അരവിന്ദ് കെജ്രിവാളിന് ജയിലിൽ ലഭിക്കുന്ന സൗകര്യങ്ങൾ
ഭക്ഷണസമയത്തും സെല്ലിലടയ്ക്കുന്ന സമയങ്ങളിലുമൊഴികെ കെജ്രിവാളിന് ടെലിവിഷൻ കാണാൻ കഴിയും. വാർത്ത, വിനോദം, കായികം എന്നിവ ഉൾപ്പെടെ 18-നും 20-നും ഇടയിൽ ചാനലുകൾ അനുവദനീയമാണ്. അടിയന്തിര സാഹചര്യങ്ങളിൽ ഡോക്ടർമാരും മെഡിക്കൽ സ്റ്റാഫുകളെയും ലഭിക്കും. പ്രമേഹരോഗിയായ കെജ്രിവാളിന് ജയിലിൽ പതിവായി മെഡിക്കൽ പരിശോധന നടത്താറുണ്ട്. ഇ ഡി ലോക്കപ്പിൽ നിന്ന് ദില്ലി സർക്കാരിനെ നയിച്ച മുഖ്യമന്ത്രിക്ക് ആഴ്ചയിൽ രണ്ട് തവണ കുടുംബാംഗങ്ങളെ കാണാനുള്ള അനുമതിയുണ്ട്. രാമായണം, ശ്രീമദ് ഭഗവദ് ഗീത, മാധ്യമപ്രവർത്തക നീർജ ചൗധരിയുടെ പുസ്തകം എന്നിവയുടെ പകർപ്പുകൾ വേണമെന്ന് കെജ്രിവാൾ അഭ്യർത്ഥിച്ചിട്ടുണ്ട്.
Arvind Kejriwal Tihar Prison Routine and Facilities details