
ന്യൂഡല്‍ഹി: ഡല്‍ഹി ജല്‍ ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തിങ്കളാഴ്ചയും ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇഡി സമന്‍സ് ഒഴിവാക്കിയ അദ്ദേഹവും ആംആദ്മി പാര്‍ട്ടിയും ഇഡി നടപടിയോട് സഹകരിക്കേണ്ട എന്നാണ് തീരുമാനിച്ചിരിക്കുന്നത്.
ഇഡി കഴിഞ്ഞ ദിവസം നല്‍കിയ സമന്‍സുകളെ നിയമവിരുദ്ധം എന്നാണ് പാര്‍ട്ടി വിശേഷിപ്പിച്ചത്. മാത്രമല്ല, കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കെജ്രിവാളിനെ ലക്ഷ്യമിടാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഉപയോഗിക്കുകയാണെന്നും അവര്‍ ആരോപിച്ചു. മദ്യനയ അഴിമതിപോലെ രാഷ്ട്രീയ പ്രേരിതമായ കേസും അന്വേഷണവുമാണ് ജലബോര്‍ഡ് കേസിലെന്നാണ് എഎപി ആരോപിക്കുന്നത്.
ഡല്‍ഹി ജല്‍ ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് കാണിച്ച് കഴിഞ്ഞദിവസമാണ് ഇഡി കെജ്രിവാളിന് സമന്‍സ് അയച്ചത്. കൂടാതെ, ഡല്‍ഹി മദ്യ നയ കേസില്‍ ചോദ്യം ചെയ്യലിനായി മാര്‍ച്ച് 21 ന് കേജ്രിവാള്‍ ഹാജരാകണമെന്ന് കാണിച്ച് മറ്റൊരു സമന്‍സും നല്‍കിയിട്ടുണ്ട്. ഈ കേസില്‍ ഇതുവരെ ലഭിച്ച എട്ട് സമന്‍സുകള്‍ നിയമവിരുദ്ധമാണെന്ന് കാണിച്ച് കെജ്രിവാള്‍ ഒഴിവാക്കിയിരുന്നു.
അതിനിടെ ഡല്‍ഹി മദ്യനയ അഴിമതി കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് കെ.കവിത സുപ്രീംകോടതിയില്‍ എത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ കവിത ഇപ്പോള്‍ ഇ.ഡി കസ്റ്റഡിയിലാണ്.
Arvind Kejriwal will not appear before the ED on Monday