ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജി പിന്‍വലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. വിചാരണക്കോടതി അനുവദിച്ച ജാമ്യ ഉത്തരവ് സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്‍രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ പൂര്‍ണ്ണ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലാണ് കെജ്‍രിവാളിന്റെ അഭിഭാഷകന്റെ നടപടി. ഹര്‍ജി പിന്‍വലിക്കാന്‍ അരവിന്ദ് കെജ്‍രിവാളിന് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് അനുമതി നല്‍കി. സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തി അരവിന്ദ് കെജ്‍രിവാള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും.
സുപ്രീം കോടതി കെജ്രിവാളിന്റെ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സിബിഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച സിബിഐ കെജ്രിവാളിനെ തിഹാർ ജയിലിൽ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
ബുധനാഴ്ച രാവിലെ 10 മണിക്ക് അരവിന്ദ് കേജ്‌രിവാളിനെ സിബിഐ വിചാരണ കോടതിയിൽ ഹാജരാക്കി. ഇഡിയുടെ കേസിൽ കെജ്രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിലുള്ളതിനാൽ, അദ്ദേഹത്തിൻ്റെ ഔപചാരിക അറസ്റ്റ് കോടതിക്ക് മുമ്പാകെ നടന്നു. തുടർന്ന് സിബിഐക്ക് അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.