തുറന്നടിച്ച് കെജ്രിവാൾ; ‘മോദി വീണ്ടും ജയിച്ചാല്‍ പിണറായി ഉള്‍പ്പടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിലിലാക്കും’

ന്യൂഡൽഹി: നരേന്ദ്ര മോദി വീണ്ടും ജയിച്ച് പ്രധാനമന്ത്രി പദത്തിൽ എത്തിയാൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിലിലടയ്ക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ച് ജയിൽ മോചിതനായതിന് പിന്നാലെ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് കെജ്‌രിവാൾ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്.

ആം ആദ്മി പാർട്ടിയുടെ നാല് നേതാക്കളെ ജയിലിൽ അടച്ചാൽ പാർട്ടി തകർന്നുപോകുമെന്നാണ് മോദി കരുതുന്നത്. അതിനായി പറ്റുന്നതെല്ലാം ചെയ്യുന്നു. എന്നാൽ എത്ര തകർക്കാൻ ശ്രമിച്ചാലും കൂടുതൽ കരുത്തോടെ തിരിച്ചുവരുന്ന പാർട്ടിയാണ് എഎപിയെന്ന് മനസ്സിലാക്കണമെന്നും കെജ്രിവാൾ പറഞ്ഞു.

“ഒരു രാജ്യം ഒരു നേതാവ് എന്ന ഭാവമാണ് പ്രധാനമന്ത്രിക്ക്. ഒരുപാടുപേരെ ജയിലിലാക്കിയ മോദി ഇപ്പോൾ കേരള മുഖ്യമന്ത്രിയുടെ പിന്നാലെയാണ്. മോദി വീണ്ടും ജയിച്ചാൽ പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ജയിലിൽ അടയ്ക്കും,” കെജ്‌രിവാൾ വ്യക്തമാക്കി.

സെപ്റ്റംബർ 17 ന് 75 വയസ്സ് തികയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ൽ വിരമിക്കുമോ എന്ന് കെജ്‌രിവാൾ ചോദിച്ചു.

“ഇന്ത്യ ബ്ലോക്ക് അണികളോട് പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്ന് ബിജെപി നിരന്തരം ചോദിക്കുമ്പോൾ, അവരുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് ഞാൻ ബിജെപിയോട് ചോദിക്കുന്നു. സെപ്തംബർ 17-ന് പ്രധാനമന്ത്രി മോദിക്ക് 75 വയസ്സ് തികയുകയാണ്. 75 വയസിന് ശേഷം പാർട്ടിയിലെ നേതാക്കൾ വിരമിക്കുമെന്ന് അദ്ദേഹം ചട്ടം സ്ഥാപിച്ചു. ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ, യശ്വന്ത് സിൻഹ എന്നിവർ വിരമിച്ചു. ഈ സെപ്റ്റംബർ 14ന് പ്രധാനമന്ത്രി മോദിയും വിരമിക്കാൻ പോകുന്നു,” അദ്ദേഹം പറഞ്ഞു.

“അവർ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ആദ്യം യോഗി ആദിത്യനാഥിനെ പുറത്താക്കും, എന്നിട്ട് അമിത് ഷായെ രാജ്യത്തിൻ്റെ പ്രധാനമന്ത്രിയാക്കും. പ്രധാനമന്ത്രി മോദി അമിത് ഷായ്ക്ക് വോട്ട് ചോദിക്കുന്നു. മോദിയുടെ ഉറപ്പ് അമിത് ഷാ നിറവേറ്റുമോ?” കെജ്രിവാൾ ആവർത്തിച്ചു.

More Stories from this section

family-dental
witywide