ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി കോടതി സെപ്റ്റംബര്‍ 25 വരെ നീട്ടി. നേരത്തെ അനുവദിച്ച ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിന് പിന്നാലെ തിഹാര്‍ ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് കെജ്രിവാളിനെ റൂസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയത്.
വേഗത്തില്‍ അവസാനിച്ച ഹിയറിംഗില്‍, കുറ്റപത്രത്തിന്റെ സോഫ്റ്റ് കോപ്പി പ്രതികള്‍ക്ക് നല്‍കാമെന്നും ഹാര്‍ഡ് കോപ്പി 3-4 ദിവസത്തിനുള്ളില്‍ നല്‍കാമെന്നും കോടതിക്ക് സിബിഐ ഉറപ്പ് നല്‍കി. നേരത്തെ, മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കെജ്രിവാളിനും മറ്റ് പ്രതികള്‍ക്കും എതിരെ സിബിഐ അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അതേസമയം, അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെയും ജാമ്യം തേടിയും കെജ്രിവാളിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഇതുവരെ വിധി പറഞ്ഞിട്ടില്ല.