കെജ്രിവാളിന് തിരിച്ചടി, ജൂൺ 2 ന് ജയിലിൽ മടങ്ങിയെത്തണം, ഇടക്കാല ജാമ്യം നീട്ടില്ലെന്ന് സുപ്രീം കോടതി രജിസ്ട്രി

ദില്ലി: ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യവുമായെത്തിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി രജിസ്ട്രിയിൽ തിരിച്ചടി. വിവാദ മദ്യനയ കേസില്‍ ഇടക്കാല ജാമ്യം നീട്ടണമെന്ന കെജ്രിവാളിന്‍റെ അപേക്ഷ സുപ്രീംകോടതി രജിസ്ട്രി അംഗീകരിച്ചില്ല. അറസ്റ്റിനെതിരായ ഹർജി വിധി പറയാൻ മാറ്റിയ സാഹചര്യത്തിൽ അപേക്ഷ ലിസ്റ്റ് ചെയ്യാനാകില്ലെന്നാണ് സുപ്രീംകോടതി രജിസ്ട്രി മറുപടി നൽകിയത്. ഈ സാഹചര്യത്തില്‍ അരവിന്ദ് കെജ്രിവാള്‍ ജൂൺ 2 ന് തന്നെ തീഹാർ ജയിലിൽ മടങ്ങിയെത്തേണ്ടി വരും.

ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ഇടക്കാല ജാമ്യം ഒരാഴ്ത്തെക്കെങ്കിലും നീട്ടി നല്‍കമെന്ന് ആവശ്യപ്പെട്ട് കെജ്രിവാൾ സുപ്രീം കോടതിയെ ആണ് ആദ്യം സമീപിച്ചത്. എന്നാൽ സുപ്രീം കോടതി രെജിസ്ട്രിയെ സമീപ്പിക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഏഴ് കിലോ തൂക്കം കുറഞ്ഞ തനിക്ക് പിഇടി-സിടി സ്‌കാന്‍ അടക്കം മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഒരാഴ്ച കൂടി ജാമ്യം നീട്ടി നല്‍കണമെന്നും ആവശ്യപ്പെട്ട് കെജ്രിവാള്‍ പിന്നാലെ സുപ്രീം കോടതി രെജിസ്ട്രിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഇന്ന് രജിസ്ട്രി ഇത് അംഗീകരിക്കാൻ കൂട്ടാക്കിയില്ല

നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് ദില്ലി മുഖ്യമന്ത്രിക്ക്‌ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ആകെ ഇരുപത്തിയൊന്ന് ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി കെജ്രിവാളിന് അനുവദിച്ചിരിക്കുന്നത്.ഏഴാം ഘട്ട വോട്ടെടുപ്പ് അവസാനിക്കുന്ന ജൂൺ 1 വരെയാണ് ഇടക്കാല ജാമ്യം. ജൂൺ 2 ന് തിരികെ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ ജാമ്യം നല്‍കണമെന്ന് കെജ്രിവാളിന്‍റെ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ്വി ആവശ്യപ്പെട്ടിരുന്നെങ്കിലും വോട്ടെടുപ്പ് വരെ ജാമ്യം മതിയാകുമെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ഇഡിയുടെ ശക്തമായ എതിർപ്പ് തള്ളിയാണ് കോടതി അന്ന് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയത്. ഇന്ന് ജാമ്യം നീട്ടില്ലെന്ന് വ്യക്തമായതോടെ ദില്ലി മുഖ്യമന്ത്രി ജൂൺ രണ്ടിന് തന്നെ ജയിലിൽ മടങ്ങിയെത്തേണ്ടി വരും.

More Stories from this section

family-dental
witywide