ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ ബെലാറൂസിന്റെ അരീന സബലേങ്കയ്ക്ക് കിരീടം. യുഎസിന്റെ ജെസിക്ക പെഗുലയെ 7-5, 7-5 എന്ന സ്കോറിന് കീഴടക്കിയാണ് അരീന കിരീടത്തിൽ മുത്തമിട്ടത്. ആർതർ ആഷ് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ രണ്ടുസെറ്റിലും പിന്നിൽ നിന്ന ശേഷമായിരുന്നു സബലേങ്കയുടെ കിരീടനേട്ടം.
കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് കൈപ്പിടിയിൽനിന്ന് അകന്നുപോയ യുഎസ് ഓപ്പൺ കിരീടമാണ് അരീന നേടിയെടുത്തത്. കഴിഞ്ഞതവണ യു.എസിന്റെ കൊക്കോ ഗോഫിനോടാണ് സബലേങ്ക ഫൈനലിൽ തോൽവിയേറ്റുവാങ്ങിയത്. പത്തു വർഷത്തിനിടെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ചാംപ്യനാകുന്ന ഒൻപതാമത്തെ താരമെന്ന പ്രത്യേകതയുമായാണ് സബലേങ്കയുടെ കിരീടധാരണം. 2018ലും 2020ലും കിരീടം നേടിയ ജപ്പാന്റെ നവോമി ഒസാക്ക മാത്രമാണ് ഇക്കാലഘട്ടത്തിൽ രണ്ടു തവണ യുഎസ് ഓപ്പൺ നേടിയ ഏക താരം.
സബലേങ്കയുടെ മൂന്നാം ഗ്രാൻസ്‍ലാം കിരീടമാണിത്. ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടു തവണ (2023, 2024) വനിതാ സിംഗിൾസ് കിരീടം നേടിയ താരമാണ് സബലേങ്ക.