കാറ്റഗറി 4 ആയി മിൽട്ടൺ ശക്തി പ്രാപിച്ചു, നേരിടാൻ അമേരിക്ക; ഫ്ലോറിഡയിലെ വിവിധയിടങ്ങളിൽ അടിയന്തരാവസ്ഥ, വിമാനത്താവളങ്ങൾ അടയ്ക്കും

ഫ്ലോറിഡ: രാജ്യത്ത് കനത്ത നാശം വിതച്ച ഹെലന്‍ ചുഴലിക്കാറ്റിൽ നിന്നും കരകയറവെ ഫ്ലോറിഡക്ക് കടുത്ത ഭീഷണിയായി മിൽട്ടൻ ചുഴലിക്കാറ്റ് കരതൊടുന്നു. കാറ്റഗറി 3 ൽ നിന്നും കാറ്റഗറി 4 ആയി മിൽട്ടൻ ശക്തി പ്രാപിച്ചെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഫ്ലോറിഡയുടെ പശ്ചിമ തീരങ്ങൾക്കാണ് നിലവിൽ മിൽട്ടൺ കനത്ത ഭീഷണി ഉയർത്തുന്നത്. കാലാവസ്ഥ കേന്ദ്രങ്ങൾ നൽകുന്ന സൂചന അനുസരിച്ച്, ബുധനാഴ്ച്ചയാകും മിൽട്ടൻ നിലം തൊടുക.

ഇതിനകം തന്നെ മിൽട്ടണെ നേരിടാൻ വലിയ മുന്നൊരുക്കത്തിലാണ് ഫ്ലോറിഡയടക്കമുള്ള സംസ്ഥാനങ്ങൾ. സെയിന്റ് പീറ്റേർസ്ബർഗ്, റ്റാമ്പ തുടങ്ങിയ നഗരങ്ങളിലടക്കം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ജനങ്ങളോട് വീടുകളിൽ നിന്ന് ഒഴിഞ്ഞുപോകാൻ ഗവർണർ റോൺ ഡി സാന്റിസ് നിർദേശം നൽകിയിട്ടുമുണ്ട്. മേഖലയിലെ വിമാനത്താവളങ്ങൾ നാളെ അടയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. റ്റാമ്പ, ക്ലിയർവാട്ടർ തുടങ്ങിയ വിമാനത്താവളങ്ങളാകും മിൽട്ടൻ ഭീതിയിൽ താത്കാലികമായി അടയ്ക്കുക.

അതേസമയം 2017 ന് ശേഷമുള്ള ഏറ്റവും വലിയ ഒഴിപ്പിക്കലാണ് ഫ്ലോറിഡയിൽ നടക്കുന്നത്. ജനസാന്ദ്രത കൂടുതലുള്ള റ്റാമ്പ മേഖലയിലാണ് വലിയ ഒഴിപ്പിക്കൽ നടക്കുന്നത്. സെപ്തംബര്‍ 26 ന് കരതൊട്ട ഹെലന്‍ ചുഴലിക്കാറ്റ് വിതച്ച നാശത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന പ്രദേശങ്ങളെ മിൽട്ടൻ ചുഴലിക്കാറ്റ് ബാധിക്കുമെന്ന ഭീതിയുള്ളതിനാൽ തന്നെ ശക്തമായ മുന്‍കരുതലാണ് ഭരണകൂടം സ്വീകരിക്കുന്നത്.

‘2017ലെ ഇര്‍മ ചുഴലിക്കാറ്റിന് ശേഷം നമ്മള്‍ കണ്ട ഏറ്റവും വലിയ ഒഴിപ്പിക്കലിന്’ ഫ്‌ളോറിഡ തയ്യാറെടുക്കുകയാണെന്നും അതിന് തയ്യാറാകാന്‍ ആളുകളോട് അഭ്യര്‍ത്ഥിച്ചുവെന്നും ഫ്‌ളോറിഡയിലെ എമര്‍ജന്‍സി മാനേജ്മെന്റ് ഡിവിഷന്‍ ഡയറക്ടര്‍ കെവിന്‍ ഗുത്രി വ്യക്തമാക്കിയിരുന്നു.