വര്‍ഷകാലസമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ പാര്‍ലമെന്റിലും ചെങ്കോട്ടയിലും ബോംബിടുമെന്ന് ഭീഷണി, സന്ദേശം ലഭിച്ചത് മലയാളി എംപിമാര്‍ക്ക്‌

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ഇന്ന് ആരംഭിക്കാനിരിക്കെ പാര്‍ലമെന്റിലും ചെങ്കോട്ട മേഖലയിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഖലിസ്ഥാന്‍ തീവ്രവാദികളെന്ന് അവകാശപ്പെടുന്ന സംഘത്തിന്റെ ഭീഷണിസന്ദേശം ലഭിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.

സി.പി.എം. രാജ്യസഭാ എം.പി.മാരായ വി. ശിവദാസിനും എ.എ. റഹിമിനുമാണ് ഇന്നലെ രാത്രി വൈകി സിഖ് ഫോര്‍ ജസ്റ്റിസിന്റെപേരിലുള്ള സന്ദേശം ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഖലിസ്ഥാന്‍ അനുകൂലമല്ലെങ്കില്‍ എം.പി.മാര്‍ വീട്ടിലിരിക്കേണ്ടിവരുമെന്നും സന്ദേശത്തില്‍ പറയുന്നു.

ഞായറാഴ്ച രാത്രി 11.30 ഓടെയാണ് ജിഒകെ പട്വന്‍ സിംപന്നു, സിഖ് ഫോര്‍ ജസ്റ്റിസ് ജനറല്‍ കൗണ്‍സില്‍ എന്ന പേരിലുള്ള സന്ദേശം ഇരുവര്‍ക്കും ലഭിച്ചത്.

ഇന്ത്യന്‍ ഭരണാധികാരികളുടെ കീഴില്‍ സിഖുകാര്‍ ഭീഷണി നേരിടുകയാണെന്നും ഖലിസ്ഥാന്‍ ഹിത പരിശോധന സന്ദേശം ഉയര്‍ത്തി പാര്‍ലമെന്റ് മുതല്‍ ചെങ്കോട്ട വരെ ബോംബിട്ട് തകര്‍ക്കും എന്നും അതനുഭവിക്കണ്ടെങ്കില്‍ എംപിമാര്‍ വീട്ടിലിരിക്കണം എന്നുമായിരുന്നു സന്ദേശം. എംപിമാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് പാര്‍ലമെന്റിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കും.

More Stories from this section

family-dental
witywide