യു.എസ്. തിരഞ്ഞെടുപ്പ് ദിവസങ്ങള്‍ അടുത്തിരിക്കെ, ഏറ്റവും മത്സരാധിഷ്ഠിതമായ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ തെറ്റായ വിവരങ്ങള്‍, ഗൂഢാലോചന സിദ്ധാന്തങ്ങള്‍, ഭീഷണികള്‍, മറ്റ് അക്രമങ്ങള്‍ എന്നിവയോട് പോരാടാനുള്ള തയ്യാറെടുപ്പിലാണ്. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് 2020 ലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ അംഗീകരിക്കാതിരുന്നതോടെ ഉണ്ടായ പ്രശ്‌നങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടും, അത്തരം സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടുമാണ് ഉദ്യോഗസ്ഥര്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നത്.
ട്രംപിന്റെ തെറ്റായ അവകാശവാദങ്ങള്‍ക്ക് പിന്നാലെ അരാജകത്വമുണ്ടായ ഫിലാഡല്‍ഫിയ, ഡെട്രോയിറ്റ്, അറ്റ്‌ലാന്റ എന്നിവിടങ്ങളില്‍ അധിക ശ്രദ്ധ കൊടുക്കുന്നുണ്ട്. ട്രംപിന് തോല്‍വി സംഭവിച്ചാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
ഫിലാഡല്‍ഫിയയിലെ ബാലറ്റ് എണ്ണല്‍ വെയര്‍ഹൗസ് ഇപ്പോള്‍ അധിക സുരക്ഷയുടെ ഭാഗമായി കമ്പിവേലികളാല്‍ ചുറ്റപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ഡെട്രോയിറ്റിലും അറ്റ്‌ലാന്റയിലും ചില തിരഞ്ഞെടുപ്പ് ഓഫീസുകള്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കൊണ്ട് സംരക്ഷിച്ചിരിക്കുന്നു. വിസ്‌കോണ്‍സിനില്‍, തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ക്ക് ഡീ-എസ്‌കലേഷന്‍ ടെക്‌നിക്കുകളില്‍ പരിശീലനം നല്‍കുകയും പോളിംഗ് സ്റ്റേഷനുകള്‍ പുനഃക്രമീകരിക്കുകയും ചെയ്തു. അതിനാല്‍ പ്രതിഷേധക്കാരില്‍ നിന്നും ഭീഷണിയുണ്ടായാല്‍ തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള വഴികളുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
2020ല്‍ റിപ്പബ്ലിക്കന്‍മാര്‍ കള്ളവോട്ടിംഗിനെക്കുറിച്ച് തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് തുടങ്ങിയ അരിസോണയില്‍, തെറ്റായ വിവരങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് പ്രാദേശിക ഉദ്യോഗസ്ഥരുമായി സ്റ്റേറ്റ് സെക്രട്ടറി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
റിപ്പബ്ലിക്കന്‍ ട്രംപും ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് കമല ഹാരിസും ചൊവ്വാഴ്ചത്തെ വോട്ടെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിനാല്‍ നവംബര്‍ 5, 6 തീയതികള്‍ പ്രവചനങ്ങള്‍ക്കും അപ്പുറത്താണ്. അഭിപ്രായ സര്‍വേകള്‍ കാണിക്കുന്നതുപോലെ ഇരുവരിലും ആര്‍ക്കൊപ്പമാണ് ജയമെന്നത് ഇനിയും ഉറപ്പിച്ചുപറയാറായിട്ടില്ല. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാകുന്നതുവരെ ഏത് സാഹചര്യങ്ങളെയും നേരിടാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറെടുക്കുകയാണ്.