വാഷിംഗ്ടണ്‍: ബൈഡന്‍ ശേഷമുള്ള അടുത്ത അമരിക്കന്‍ പ്രസിഡന്റിന് തിരഞ്ഞെടുക്കാന്‍ ഇനി രണ്ടാഴ്ചപോലും തികച്ചില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മുന്‍ പ്രസിഡന്റുകൂടിയായ ഡോണള്‍ഡ് ട്രംപും, േെഡാക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ കമലാ ഹാരിസും പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളിലാണിപ്പോള്‍. നിലവിലെ വൈസ് പ്രസിഡന്റ് കൂടിയായ കമലയുടെ വിജയ സാധ്യത പലപ്പോഴും ട്രംപിനേക്കാള്‍ മുന്നിലെത്തിയിരുന്നെങ്കിലും തിരഞ്ഞെടുപ്പ് തീയതി അടുക്കുമ്പോള്‍ കാര്യങ്ങള്‍ ട്രംപിന് അനുകൂലമായി മാറുന്നതായി വിലയിരുത്തലുകളുണ്ട്. ഇക്കഴിഞ്ഞ ദിവസം നടന്ന ചില സര്‍വ്വേഫലങ്ങളാണ് ട്രംപിന് വിജയസാധ്യത പ്രവചിച്ചിരിക്കുന്നത്.
അതേസമയം, യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നയതന്ത്ര പിരിമുറുക്കം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ജപ്പാന്‍, ഇന്ത്യ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ യുഎസ് സഖ്യരാജ്യങ്ങളുമായി ചൈന മയപ്പെട്ട് വരുന്നതായാണ് റിപ്പോര്‍ട്ട്. ട്രംപിന്റെ വിജയം മുന്നില്‍ക്കണ്ടാണ് ചൈനയുടെ നീക്കം. ചൈനയിലെ സാമ്പത്തിക വെല്ലുവിളികള്‍ നേരിടാനും ഈ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നത് യുഎസുമായും യൂറോപ്യന്‍ യൂണിയനുമായും വരാനിരിക്കുന്ന വ്യാപാര തടസ്സങ്ങള്‍ മറികടക്കാനും ചൈനയെ സഹായിച്ചേക്കുമെന്നും ചൈന വിലയിരുത്തുന്നുണ്ട്.
ജപ്പാനുമായും ഇന്ത്യയുമായും ചൈന നിലപാട് മയപ്പെടുത്തിയത് കഴിഞ്ഞ ദിവസങ്ങളിലെ സുപ്രധാനനീക്കമായിരുന്നു. ചൈനീസ് ഉദ്യോഗസ്ഥര്‍ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് നയതന്ത്ര സംഘര്‍ഷം കുറയ്ക്കാന്‍ ശ്രമിക്കുകയും യുകെ, ഓസ്ട്രേലിയ തുടങ്ങിയവയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ പണിപ്പെടുകയുമാണ്.
അടുത്തിടെയായി നിരവധി രാജ്യങ്ങളുമായുള്ള ബന്ധത്തിലെ വിള്ളല്‍ ഇല്ലാതാക്കാനും മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിലാണ് ചൈന. ഈ മാറ്റത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യയുമായി തര്‍ക്കമുള്ള ഹിമാലയന്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. നാലുവര്‍ഷത്തെ തര്‍ക്കമാണ് ഇതോടെ അവസാനിച്ചത്.