
ഡിബേറ്റിലുടനീളം പ്രസിഡന്റ് ജോ ബൈഡനെതിരായ വിമർശനങ്ങൾ തുടരുകയാണ് ഡോണൾഡ് ട്രംപ്. ബൈഡൻ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ് ആണെന്ന് ട്രംപ് വിമർശിച്ചു. എന്നാൽ ബൈഡനെതിരെയല്ല തനിക്കെതിരെയാണ് ട്രംപ് മത്സിക്കുന്നത് എന്നോർപ്പിച്ചുകൊണ്ടായിരുന്നു കമല ഹാരിസിന്റെ വിമർശനം.
“ഒന്നാമതായി, നിങ്ങൾ ജോ ബൈഡനെതിരെയല്ല മത്സരിക്കുന്നത്, എനിക്കെതിരെയാണ് മത്സരിക്കുന്നതെന്ന് മുൻ പ്രസിഡൻ്റിനെ ഓർമ്മിപ്പിക്കേണ്ടത് പ്രധാനമാണ്,” അവർ പറഞ്ഞു.
കമല ഹാരിസ്, ജോ ബൈഡൻ തന്നെയാണെന്ന് ട്രംപ് പരിഹസിച്ചു. എന്നാൽ താൻ ജോ ബൈഡൻ അല്ല, തീർച്ചയായും ഞാൻ ഡോണൾഡ് ട്രംപുമല്ല എന്ന് കമല ഹാരിസ് തിരിച്ചടിച്ചു. തനിക്ക് തന്റേതായ പദ്ധതികൾ ഉണ്ടെന്നും കമല വ്യക്തമായി.
പലസ്തീൻ, ഇസ്രായേൽ സംഘർഷത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിന് കമല ഹാരിസ് പിന്തുണ പ്രഖ്യാപിച്ചപ്പോൾ, അതേക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു ട്രംപ്. കമല ഹാരിസും ഡെമോക്രാറ്റുകളും ഇസ്രായേലിനെ വെറുക്കുന്നുവെന്നും തൻ്റെ ഭരണത്തിന് കീഴിൽ സംഘർഷങ്ങൾ നടക്കില്ലെന്നും ട്രംപ് അവകാശവാദം ആവർത്തിച്ചു. അതേസമയം താൻ പ്രസിഡന്റ് ആയാൽ യുക്രെയ്ൻ-റഷ്യ യുദ്ധം 24 മണിക്കൂറിനുള്ളി അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ എങ്ങനെ എന്ന് ട്രംപ് വ്യക്തമാക്കിയില്ല.
“ഞാൻ അത് പരിഹരിക്കുകയും വേഗത്തിൽ നടപടിയെടുക്കുകയും ചെയ്യും. ഞാൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാൽ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കും,” ട്രംപ് അവകാശപ്പെട്ടു.