ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോജ്ശാല കമാല്‍ മൗല മസ്ജിദില്‍ നിന്നു ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് പുരാവസ്തു വകുപ്പ്. സംസ്‌കൃത ലിഖിതങ്ങൾ, ക്ഷേത്രത്തിന്റേതായ തൂണുകൾ, ഹിന്ദുദൈവങ്ങളുടെ പ്രതിമകൾ, ചിത്രങ്ങൾ എന്നിവ കണ്ടെത്തിയെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്. മസ്ജിദില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഈ മാസം 22നു കോടതി പരിഗണിക്കും.
കമാല്‍ മൗല മസ്ജിദില്‍ എ.എസ്.ഐയുടെ നേതൃത്വത്തില്‍ മൂന്നു മാസം നീണ്ട സര്‍വേ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് 2,000ത്തിലേറെ പേജുള്ള റിപ്പോര്‍ട്ട് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ചിനു മുന്‍പാകെഎ.എസ്.ഐ കൗണ്‍സല്‍ ഹിമാന്‍ഷു ജോഷി സമര്‍പ്പിച്ചത്.
മധ്യപ്രദേശിലെ ധർ ജില്ലയിലാണ് തർക്കവിഷയമായ ഭോജ്‌ശാല – കമാൽ മൗല സമുച്ചയം സ്ഥിതിചെയ്യുന്നത്. സംസ്‌കൃത ലിഖിതങ്ങൾ എഴുതിയ തൂണുകൾ നശിപ്പിക്കപ്പെട്ടുവെന്നും അവ പിന്നീട് മുസ്ലിം പള്ളിയുടെ അങ്ങിങ്ങായി സ്ഥാപിക്കപ്പെട്ടുവെന്നുമാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. ക്ഷേത്രത്തിന്റെ തൂണുകൾ പിന്നീട് പള്ളി പണിയാനായി ഉപയോഗിക്കപ്പെട്ടുവെന്നും ഇവയിൽ ഉണ്ടായിരുന്ന ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 94 ഹിന്ദു ദൈവങ്ങളുടെ വിവിധ ചിത്രങ്ങൾ കണ്ടെത്തിയെന്നും ഇവ മുൻപ് ഇവിടം ക്ഷേത്രമായിരുന്നെന്ന സൂചനകൾ നൽകുന്നുവെന്നും പുരാവസ്തു ഗവേഷണ വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.
നീണ്ട കാലമായി നിലനിൽക്കുന്ന തർക്കമാണ് കമാൽ മൗല – ഭോജ്‌ശാല സമുച്ചയത്തിന്റേത്. ഹിന്ദു ഫ്രണ്ട് ഫോര്‍ ജസ്റ്റിസ് എന്ന പേരിലുള്ള സംഘടനയാണ് ഭോജ്ശാല സമുച്ചയത്തിലെ പള്ളി ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹർജി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്ത് സര്‍വേ നടത്താന്‍ മാര്‍ച്ച് 11ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. മാര്‍ച്ച് 22ന് എ.എസ്.ഐ സര്‍വേ ആരംഭിക്കുകയും ചെയ്തു. അടുത്തിടെയാണ് സര്‍വേ പൂര്‍ത്തിയായത്. ജൂലൈ 15നകം പൂര്‍ണമായ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഈ മാസം ആദ്യത്തില്‍ ഹൈക്കോടതി എ.എസ്.ഐയോട് നിര്‍ദേശിച്ചിരുന്നു.
2003ൽ പുരാവസ്തു വകുപ്പ് ചൊവ്വാഴ്ച്ചകളിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കായും എല്ലാ വെളിയാഴ്ചയും മുസ്ലിങ്ങൾക്ക് ആരാധനയ്ക്കായും സമുച്ചയം തുറന്നു നൽകിയിരുന്നു. എന്നാൽ സമുച്ചയം ഒരു സരസ്വതി ക്ഷേത്രമാണെന്നും മുസ്ലിങ്ങളെ ഇവിടെ പ്രാർത്ഥിക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ട് 2022ൽ ചില ഹിന്ദു സംഘടനകൾ ഹർജി നൽകിയതോടെയാണ് ഹൈക്കോടതി സർവേയ്ക്ക് ഉത്തരവിട്ടത്.