‘പിന്തുണക്ക് നന്ദി, വിദ്വേഷ പ്രചരണം വേണ്ട’, വിവാദത്തിൽ ആസിഫ് അലിയുടെ ആദ്യ പ്രതികരണം; സൈബർ ആക്രമണത്തിനെതിരെ രമേശ് നാരായണും

കൊച്ചി: രമേഷ് നാരായണുമായി ബന്ധപ്പെട്ട വിവാദത്തിൽ ആദ്യമായി പരസ്യമായി പ്രതികരിച്ച് ആസിഫ് അലി രംഗത്ത്. പിന്തുണച്ചവർക്കെല്ലാം നന്ദി പറഞ്ഞ ആസിഫ് അലി, പക്ഷേ വിഷയത്തിൽ വിദ്വേഷ പ്രചരണം പാടില്ലെന്നും ഓർമ്മിപ്പിച്ചു. എന്റെ വിഷമങ്ങള്‍ എന്റേത് മാത്രമാണ്. തന്നെ പിന്തുണക്കുന്നവർ, അത് മറ്റൊരാള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചരണമായി മാറ്റരുതെന്നും നടൻ ആവശ്യപ്പെട്ടു. തന്‍റെ പുതിയ സിനിമയായ ലെവൽ ക്രോസിന്‍റെ പ്രമോഷന് വേണ്ടി കൊച്ചി സെന്റ് ആല്‍ബര്‍ട്‍സ് കോളേജില്‍ എത്തിയപ്പോഴാണ് വിവാദത്തിൽ ആദ്യമായി ആസിഫ് അലി പരസ്യ പ്രതികരണം നടത്തിയത്.

പരസ്യമായി പ്രതികരിക്കണ്ട എന്നാണ് വിചാരിച്ചിരുന്നതെന്നും രമേശ്‌ നാരായണിന് എതിരെ നടക്കുന്ന വിദ്വേഷ പ്രചരണം കണ്ടതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വന്നതെന്നും ആസിഫ് വിവരിച്ചു. വിഷയത്തിൽ സാമൂഹ്യ മാധ്യമങ്ങളിലെ പിന്തുണയിൽ തനിക്ക് സന്തോഷമുണ്ട്. എന്നാല്‍ ആ പിന്തുണ മറ്റൊരാള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണമായി മാറരുത്. അത്തരത്തിൽ വിദ്വേഷ പ്രചരണമുണ്ടകുന്നതിന്‍റെ വിഷമം എനിക്ക് മനസ്സിലാകും. എന്റെ വിഷമങ്ങള്‍ എന്റേത് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ തനിക്ക് പ്രത്യേകിച്ച് വിഷമമോ പരിഭവമോ ഇല്ല. രമേശ്‌ നാരായണന്‍റെ പേര് തെറ്റി വിളിച്ചു. ആദ്യം വിളിക്കാനും മറന്നു. അതിന്‍റെ സ്വാഭാവിക പിരിമുറുക്കം അദ്ദേഹത്തിന് ഉണ്ടായിരിക്കാം. അതായിരിക്കാം അദ്ദേഹം പ്രകടിപ്പിച്ചതെന്നും വിദ്വേഷ പ്രചരണം അവസാനിപ്പിക്കണമെന്നും നടൻ ആവശ്യപ്പെട്ടു.

അതിനിടെ സൈബർ ആക്രമണത്തിനെതിരെ രമേഷ് നാരായണും പ്രതികരണവുമായി രംഗത്തെത്തി. തനിക്കെതിരെ മാത്രമല്ല, മകൾക്കെതിരെ വരെ സൈബർ ആക്രമണം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. വിഷയത്തിൽ താൻ ക്ഷമ പറഞ്ഞതാണെന്നും ഇനിയെങ്കിലും ഈ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം എം ടി വാസുദേവൻ നായരുടെ ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി സിനിമയുടെ പ്രമോഷണല്‍ ചടങ്ങിലായിരുന്നു വിവാദ സംഭവം. ചടങ്ങില്‍ രമേശ് നാരായണ് പുരസ്‍കാരം നല്‍കാൻ ക്ഷണിച്ചത് ആസിഫ് അലിയെ ആയിരുന്നു. എന്നാല്‍ ആസിഫ് പുരസ്‍കാരം നല്‍കിയപ്പോള്‍ താരത്തെ നോക്കാനോ ഹസ്‍തദാനം നല്‍കാനോ രമേഷ് തയ്യാറായില്ല. സംവിധായകൻ ജയരാജിനെ വിളിച്ച് ഒന്നുകൂടി പുരസ്‍കാരം നല്‍കാൻ ആവശ്യപ്പെട്ടതോടെയാണ് വിവാദം കത്തിയത്.

More Stories from this section

family-dental
witywide