
ഗുവാഹത്തി: മുസ്‌ലിം വിവാഹ – വിവാഹ മോചന രജിസ്‌ട്രേഷന്‍ ആക്ട് അസം സര്‍ക്കാര്‍ റദ്ദാക്കി. പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്‌ലിം വിവാഹ – വിവാഹ മോചന രജിസ്‌ട്രേഷന്‍ ആക്ട് റദ്ദാക്കാന്‍ അസം സര്‍ക്കാര്‍ തീരുമാനിച്ചത്. സ്പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ബഹുഭാര്യാത്വം തടയുന്നതിനുള്ള നിയമനിർമ്മാണം ഉടനെന്നും സർക്കാർ അറിയിച്ചു. ഉത്തരാഖണ്ഡിന് പിന്നാലെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് മുന്നോടിയായാണ് മുസ്‌ലിം വിവാഹ നിയമം റദ്ദാക്കിയ അസം സർക്കാരിന്‍റെ നടപടിയെന്നാണ് വിലയിരുത്തൽ. പുതിയ സര്‍ക്കാര്‍ തീരുമാനത്തോടെ അസമില്‍ ഇനി സ്‌പെഷ്യല്‍ മ്യാരേജ് ആക്ട് പ്രകാരം മാത്രമായിരിക്കും വിവാഹം രജിസ്റ്റര്‍ ചെയ്യാനാകുക.
1935 ൽ നിലവിൽ വന്ന നിയമമാണ് 89 വർഷങ്ങൾക്ക് ശേഷം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ റദ്ദാക്കാൻ തീരുമാനിച്ചത്. മുസ്ലീം വിവാഹവും വിവാഹ മോചനവും ഇനി സ്‌പെഷ്യല്‍ മ്യാരേജ് ആക്ടിന്റെ പരിധിയിലാക്കുമെന്നാണ് മന്ത്രിസഭാ തീരുമാനമെന്ന് ടൂറിസം മന്ത്രി ജയന്ത മല്ലബറുവ വ്യക്തമാക്കി. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ തുടരുന്ന നിയമമാണ് മാറ്റുന്നതെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം വേണ്ടതാണെന്നും അദ്ദേഹം വിവരിച്ചു.
Assam repeals Muslim Marriage Act details