ട്രംപിനെതിരായ വധ ശ്രമം : മൗനം വെടിഞ്ഞ് ചാള്‍സ് രാജാവ്, ട്രംപിന് കത്തെഴുതി

ശനിയാഴ്ച പെന്‍സില്‍വാനിയ റാലിയില്‍ ഡൊണാള്‍ഡ് ട്രംപിന് നേരെ നടന്ന വധശ്രമത്തില്‍ മൗനം വെടിഞ്ഞ് ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവ്. ട്രംപിന് സ്വകാര്യമായി കത്തെഴുതിയതായും രാജാവിന്റെ കത്ത് വാഷിംഗ്ടണ്‍ ഡിസിയിലെ ബ്രിട്ടീഷ് എംബസി ഞായറാഴ്ച കൈമാറിയതായും റിപ്പോര്‍ട്ട്.

75 കാരനായ രാജാവ് ട്രംപിന് കൈമാറിയ കത്തിന്റെ വിശദമായ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ട്രംപ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പരിക്കേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും കത്തിലുണ്ടെന്നാണ് വിവരം.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും ട്രംപിനെതിരായ അക്രമത്തെ അപലപിച്ചിരുന്നു. ട്രംപിന്റെ റാലിയിലുണ്ടായത് ഞെട്ടിക്കുന്ന സംഭവമാണെന്നും സ്റ്റാര്‍മര്‍ എക്സില്‍ എഴുതി. രാഷ്ട്രീയ അക്രമങ്ങള്‍ക്ക് നമ്മുടെ സമൂഹത്തില്‍ സ്ഥാനമില്ലെന്നും ഈ ആക്രമണത്തിന് ഇരയായ എല്ലാവര്‍ക്കുമൊപ്പം എന്റെ ചിന്തകള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.