ട്രംപിനെതിരായ വധശ്രമം: യുഎസ് ഭരണകൂടം ഉത്തരവാദിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് റഷ്യ, പക്ഷേ…

ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരായ ശനിയാഴ്ച നടന്ന വധശ്രമത്തിന് യുഎസ് ഭരണകൂടം ഉത്തരവാദിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് റഷ്യ. എന്നാല്‍ ആക്രമണത്തിന് പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിച്ചുവെന്ന് കുറ്റപ്പെടുത്തി.

ശനിയാഴ്ച പെന്‍സില്‍വാനിയയിലെ ഒരു റാലിക്കിടെ ട്രംപിന്റെ ചെവിയിലാണ് അക്രമിയുടെ വെടിയേറ്റത്. അക്രമിയെ അപ്പോള്‍ത്തന്നെ വെടിവച്ചു കൊന്നു. കൊലപാകത ശ്രമമെന്ന രീതിയിലാണ് സംഭവം അന്വേഷിക്കുന്നത്. ആക്രമണത്തിന്റെ പിന്നിലെ കാരണം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ട്രംപിനെ വധിക്കാനുമുള്ള ശ്രമം നിലവിലെ അധികാരികള്‍ സംഘടിപ്പിച്ചതാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ അതിനുള്ള അന്തരീക്ഷം സൃഷ്ടിച്ചു എന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയ പോരാട്ടത്തിനിടയിലെ ഏത് അക്രമത്തെയും റഷ്യ അപലപിക്കുന്നതായി പെസ്‌കോവ് പറഞ്ഞു.

അതേസമയം, ആക്രമണത്തെ അപലപിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഇത്തരത്തിലുള്ള അക്രമങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്ന് വ്യക്തമാക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.