ബോയിങ്ങിൻ്റെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തേക്ക് പോയ ഇന്ത്യൻ വംശജ സുനിത വില്യംസ് (58) ഇനിയും തിരികെ വന്നില്ല. ഇന്നലെ എത്തുമെന്നായിരുന്നു ബോയിങ് ഒടുവിൽ അറിയിച്ചിരുന്നത്. സ്റ്റാർ ലൈനർ പേടകത്തിന് തകരാർ സംഭവിച്ചതിനാൽ സുനിതയും സഹയാത്രികൻ ബച്ച് വിൽമോറും ബഹിരാകാശ നിലയത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഈ മാസം അഞ്ചിനാണ് ഇവർ യാത്ര പുറപ്പെട്ടത്. 13നു തിരിച്ചു വരും എന്നായിരുന്നു പ്രതീക്ഷ. സുനിതയുടെ മൂന്നാമത്തെ ബഹിരാകാശ യാത്രയും സ്റ്റാർ ലൈനറിൻ്റെ ആദ്യ യാത്രയുമായിരുന്നു ഇത്.
ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് കമ്പനിയുടെ ഡ്രാഗൺ പേടകം വഴി സുനിതയേയും വിൽമോറിനേയും തിരികെ എത്തിക്കാൻ ആലോചന നടക്കുന്നുണ്ട്. സ്പേസ് എക്സ് മുമ്പ് രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആളുകളെ കൊണ്ടുപോയി തിരികെ എത്തിച്ചിട്ടുണ്ട്. എന്നാൽ അതിൻ്റെ ആവശ്യമില്ല എന്നാണ് ബോയിങ്ങിൻ്റേയും നാസയുടേയും നിലപാട്.
സ്റ്റാർലൈനർ പേടകം പുറപ്പെടുന്നതിനു മുമ്പ് തന്നെ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. യാത്രികർ കയറി ഇരുന്ന ശേഷം രണ്ടു തവണ യാത്ര മാറ്റിവച്ച് ഇറങ്ങേണ്ടി വന്നിരുന്നു. മൂന്നാം ശ്രമമാണ് വിജയം കണ്ടത് . ആ യാത്രയിൽ ഹീലിയം വാതക ചോർച്ചയുണ്ടായി. ഏതാനും ത്രസ്റ്ററുകൾക്കും കേടുപാട് പറ്റി. ഈ രണ്ട് തകരാറുകളും പൂർണമായും പരിഹരിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
ഇന്ത്യൻ വംശജയായ സുനിത വില്യംസ് മൂന്നുയാത്രകളിലായി 343 ദിവസം ബഹിരാകാശത്ത് കഴിഞ്ഞ വ്യക്തിയാണ്. 2006ൽ 195 ദിവസം ബഹിരാകാശത്ത് താമസിച്ചിട്ടുണ്ട്.
അമേരിക്കയിൽ വളർന്നു വരുന്ന വ്യവസായങ്ങളിലൊന്നാണ് ബഹിരാകാശ യാത്രയും അതിനുള്ള പേടകങ്ങളുടെ നിർമാണവും. മസ്കിൻ്റെ സ്പേസ് എക്സ്, ആമസോണിൻ്റെ ബ്ളൂ ഒറിജിൻ, ബോയിങ്ങിൻ്റെ സ്റ്റാർലൈനർ എല്ലാം ആളുകളെ ബഹിരാകാശത്ത് എത്തിക്കാനുള്ള വിനോദസഞ്ചാര വ്യവസായത്തിൽ കണ്ണുനട്ടിരിക്കുകയാണ്.
Astronauts Sunita Williams Stuck in Space Station return delayed