ന്യൂയോർക്ക്: യുഎസിൽ ഒരാഴ്‌ചയ്‌ക്കിടെ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേർക്ക് എതിരെ കേസ് എടുത്തു.
ന്യൂജേഴ്‌സിയിൽ 2 മാസം പ്രായമുള്ള കുട്ടിയും അരിസോണയിൽ 2 വയസ്സുകാരനും നെബ്രാസ്കയിൽ 5 വയസ്സുകാരനുമാണ് വാഹനങ്ങളിൽ മരിച്ചത്. റെക്കോർഡ് സൃഷ്ടിക്കുന്ന ഉഷ്ണ തരംഗം രാജ്യത്തിൻ്റെ ഭൂരിഭാഗവും കയ്യടക്കുന്ന സഹചര്യമാണ്.
കിഡ്‌സ് ആൻഡ് കാർ സേഫ്റ്റി എന്ന നോൺ പ്രോഫിറ്റ് സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇതുവരെ രാജ്യത്താകമാനം നടന്ന 11 ശിശുമരണങ്ങളിൽ ഏറ്റവും പുതിയ സംഭവമാണിത്.
കാറിനുള്ളിൽ താപനില പെട്ടെന്ന് ഉയരും, ഇത് മിനിറ്റുകൾക്കുള്ളിൽ മാരകമായ സാഹചര്യങ്ങളിലേക്ക് നയിക്കുന്നുവെന്ന് സുരക്ഷാ വിദഗ്ധർ പറയുന്നു. കുട്ടികളെ ഒരിക്കലും വാഹനങ്ങളിൽ തനിച്ചാക്കരുതെന്ന് അധികാരികൾ ആളുകളെ ഓർമ്മിപ്പിക്കുന്നു.
ഓഷ്യൻ കൗണ്ടി പ്രോസിക്യൂട്ടർ ഓഫീസ് പുറത്തുവിട്ട വിവരം അനുസരിച്ച്, 2 മാസം പ്രായമുള്ള പെൺകുട്ടി തിങ്കളാഴ്ച ലേക്‌വുഡിലെ കാറിനുള്ളിലാണ് ചൂട് താങ്ങാതെ മരിച്ചത്. ലേക്‌വുഡ് ടൗൺഷിപ്പ് പോലീസ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ ഉച്ചയ്ക്ക് 1:45 ഓടെ മരണം സ്ഥിരീകരിച്ചു. നാല് മണിക്കൂറിലധികം ഓടാതെ നിർത്തിയിട്ടിരുന്ന വാഹനത്തിൽ കുട്ടിയെ അശ്രദ്ധമായി കിടത്തിയതായി പരാതിയിൽ പറയുന്നു.
കുട്ടിയുടെ മരണത്തിൽ പിതാവ് അവ്‌റഹാം ചൈറ്റോവ്‌സ്‌കി (28) ക്കെതിരെ കുറ്റം ചുമത്തി.