ഷുഗർ ലെവൽ അപകടകരമായ നിലയില്‍ താഴ്ന്നു; ഡൽഹി മന്ത്രി അതിഷി മർലേനയെ ആശുപത്രിയിലേക്ക് മാറ്റി

ന്യൂഡൽഹി: പ്രതിദിനം 100 ദശലക്ഷം ഗാലൻ (എംജിഡി) വെള്ളം വിട്ടുനൽകാത്ത ഹരിയാന സർക്കാരിനെതിരെ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ഡൽഹി മന്ത്രി അതിഷിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെയാണ് അതിഷിയെ ദേശീയ തലസ്ഥാനത്തെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഷുഗർ ലെവർ 36ലേക്ക് താഴ്ന്നതോടെയാണ് അതിഷിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

അതിഷിയുടെ അനിശ്ചിതകാല നിരാഹാര സമരം ചൊവ്വാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഡൽഹിയുടെ ജല വിഹിതം ഹരിയാന വിട്ടുനൽകുന്നില്ലെന്നു പറഞ്ഞാണ് അതിഥി നിരാഹാരം ആരംഭിച്ചത്. ജൂൺ 22 നാണ് അതിഷി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

ആരോഗ്യനില വഷളായ സാഹചര്യത്തിൽ അതിഷിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും ഡൽഹിയുടെ അവകാശമായ വെള്ളത്തിനായി ജീവൻ പണയപ്പെടുത്തി പോരാടുകയാണ് അതിഥിയെന്നും ആം ആദ്മി പാർട്ടി (എഎപി) പറഞ്ഞു.

ഡല്‍ഹിയില്‍ ജലക്ഷാമമുണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്ന് അതിഷി മർലേന ആരോപിച്ചിരുന്നു. പൈപ്പ് ലൈനുകളിൽ മനഃപ്പൂർവ്വം ചോർച്ചയുണ്ടാക്കാൻ ശ്രമം എന്നും ആരോപണമുണ്ട്. 375 മില്ലി മീറ്റർ പൈപ്പിലെ ബോൾട്ടുകൾ മുറിച്ച നിലയിൽ കണ്ടെത്തിയെന്നും ചിത്രങ്ങൾ സഹിതം മന്ത്രി ആരോപിച്ചു. എന്നാല്‍ ഡൽഹി സർക്കാരിൻ്റെ കെടുകാര്യസ്ഥതയാണ് ജലക്ഷാമത്തിലേക്ക് നയിച്ചത് എന്നാണ് ബിജെപിയുടെ ആരോപണം. എംപിമാർ അടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധിച്ചു. ഉഷ്ണ തരംഗം ഉണ്ടാകും എന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടും ഡൽഹി സർക്കാർ ഒന്നും ചെയ്തില്ലെന്ന് ബിജെപി എംപി ബാൻസുരി സ്വരാജ് വിമർശിച്ചിരുന്നു.

More Stories from this section

family-dental
witywide