ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണറുടെ വസതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേനയാണ് സത്യവാചകം ചൊല്ലി കൊടുത്തത്. ഇന്ത്യയിലെ പതിനേഴാമത്തെ വനിത മുഖ്യമന്ത്രിയും ഡൽഹിയുടെ എട്ടാമത് മുഖ്യമന്ത്രിയുമായ അതിഷി ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഡല്‍ഹിയില്‍ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്ന മൂന്നാമത്തെ വനിതയെന്ന പ്രത്യേകതയും അതിഷിക്കുണ്ട്. കെജരിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം പൊതുമരാമത്ത് മന്ത്രിയായിരുന്ന അതിഷി ഡല്‍ഹി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആണ്.
അതിഷിക്ക് പുറമെ ഗോപാല്‍ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്‌ലാവത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി പുതിയ മുഖ്യമന്ത്രിക്ക് 13 വകുപ്പുകളുടെ ചുമതലയുണ്ട്. ധനം, വിദ്യാഭ്യാസം, വൈദ്യുതി, ജലം തുടങ്ങി 13 വകുപ്പുകളാണ് ആതിഷി നോക്കുക. ആരോഗ്യവകുപ്പ് ഉൾപ്പെടെ ആകെ 8 വകുപ്പുകൾ സൗരഭ് ഭരദ്വാജിനാണ്.
മുകേഷ് കുമാര്‍ അഹ്‌ലാതാണ് മന്ത്രിസഭയിലെ പുതുമുഖം. കെജ്‌രിവാള്‍ മന്ത്രിസഭയില്‍ ഏഴ് പേരായിരുന്നെങ്കില്‍ അതിഷി മന്ത്രിസഭയില്‍ ആറ് പേരാണ് ഉള്ളത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയെത്തിയത്.