
തൃശൂര്‍: തൃശൂരില്‍ വന്‍ എ.ടി.എം. കവര്‍ച്ച. മൂന്നിടങ്ങളിലായി എ.ടി.എമ്മുകളില്‍ നിന്ന് 60 ലക്ഷം രൂപയോളം നഷ്ടമായി. ഷൊര്‍ണൂര്‍ റോഡ്, മാപ്രാണം, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളില്‍ നിന്നാണ് പണം മോഷ്ടിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയിലായിരുന്നു മോഷണം. കാറില്‍ മുഖം മൂടി ധരിച്ചെത്തിയ സംഘം ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.
ബാങ്ക് ജീവനക്കാരെത്തി എടിഎമ്മിൽ നിന്നും പിൻവലിച്ച തുകയുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം മാത്രമേ നഷ്ടപ്പെട്ട തുക സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകൂ. ഇതരസംസ്ഥാനക്കാരായ വിദഗ്ധ മോഷ്ടാക്കളിലേക്കാണ് സംശയം നീളുന്നത്.
മൂന്നിടങ്ങളിലെയും എസ്ബിഐ എ.ടി.എമ്മുകളിലാണ് കവർച്ച നടന്നത്. ഇവിടങ്ങളിൽ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളോ സെക്യൂരിറ്റിയോ ഉണ്ടായിരുന്നില്ല. വെളുത്ത ഇന്നോവ കാറിലാണ് കൊള്ളസംഘം എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. വ്യാജ നമ്പർ പ്ലേറ്റാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.