മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന ഉദ്ധവ് വിഭാഗം അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. തേങ്ങയും ചാണകവുമുപയോഗിച്ചാണ് ആക്രമണം നടത്തിയത്. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ശിവസേന ഉദ്ധവ് വിഭാഗം ആരോപിച്ചു. വെള്ളിയാഴ്ച എംഎൻഎസ് അധ്യക്ഷൻ രാജ് താക്കറെയുടെ കാറിന് നേരെ അടയ്ക്കയും തക്കാളിയും ഉപയോഗിച്ച് ആക്രമണം നടന്നിരുന്നു. പിന്നാലെയാണ് ഉദ്ധവിന് നേരെയും ആക്രമണമുണ്ടായത്.
രാജ് താക്കറെയെ ആക്രമിച്ചത് ശിവസേന പ്രവർത്തകരാണെന്ന് എംഎൻഎസ് ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇരുപതിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും തമ്മിൽ നിരന്തരം വാക്ക്‌പോര് നടത്തിയിരുന്നു. മാർച്ചിൽ എംഎൻഎസ് തലവൻ രാജ് താക്കറെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ വിമർശിച്ച് തലവൻ ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു.
attack against Uddhav thackeray convoy